Latest NewsEditorial

പേടിക്കണം വിവാഹേതരബന്ധം കുറ്റമല്ലാതാക്കിയ ആ ഉത്തരവിനെ

മനുഷ്യാവകാശങ്ങളുടേ പേരില്‍ കൊടും കുറ്റവാളികള്‍ പോലും പരിരക്ഷിക്കപ്പെടുന്ന കാലത്ത് കുത്തഴിഞ്ഞ ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള അനുമതിയായി ഈ വിധി കണക്കാക്കപ്പെടരുത്.

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തുല്യത ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്ന് നിരീക്ഷിച്ച കോടതി നിരീക്ഷിച്ച ഐപിസി 497 റദ്ദാക്കി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമാക്കുന്ന ഐ.പി.സി 497ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി. .

സമൂഹം പറയുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ലെന്നും തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്നും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഐപിസി 497 സ്ത്രീകളുടെ അന്തസ്സിന് കളങ്കം വരുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

സെക്ഷന്‍ 497 ഐപിസി പറയുന്നത് ഇങ്ങനെ

ഒരാള്‍ പരിചയത്തിലുള്ള ഒരുസ്ത്രീയുമായോ അല്ലെങ്കില്‍ മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന ലൈംഗികബന്ധം കുറ്റകരമാണ്. പിഴയോടുകൂടിയോ അല്ലാതെയോ അഞ്ച് വര്‍ഷം വരെ ഈ കുറ്റത്തിന് ശിക്ഷിക്കപ്പെടാം. എന്നാല്‍ ലൈംഗിക പങ്കാളിയായ സ്ത്രീ ശിക്ഷാര്‍ഹയല്ല. ചുരുക്കത്തില്‍ ഒരാളുടെ അനുമതി കൂടാതെ അയാളുടെ ഭാര്യയുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ കുറ്റക്കാരനായിരിക്കും.

കേന്ദ്രസര്‍ക്കാരിന്റെ നിലപാട്

ഹര്‍ജിയില്‍ കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്. ഐപിസി 497 റദ്ദാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ കോടതിയില്‍ സ്ത്യവാങ്മൂലം നല്‍കിയത് .വിവാഹേതരബന്ധം ഒരു കുറ്റമായി കണക്കാക്കണമെന്നും അത് കുറ്റകരമല്ലാതാകുന്നതോടെ ദാമ്പത്യബന്ധം തകരുമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ ആവശ്യകത ഉറപ്പിക്കാന്‍ 1985 ലെ ഒരു വിധിപ്രസ്താവനയും കേന്ദ്രം സൂചിപ്പിച്ചിരുന്നു. സമൂഹത്തിന്റെ പൊതുവായ താത്പര്യം പരിഗണിക്കുമ്പോള്‍ വിവാഹേതരബന്ധം കുറ്റകരമായി കണക്കാക്കണമെന്ന നിരീക്ഷണമാണ് ഇതിലുള്ളത്.

എന്തായാലും കേന്ദ്രത്തിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. അതേസമയം വിവാഹേതരബന്ധം വിവാഹമോചനത്തിന് കാരണമായി തുടരുമെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. പക്ഷേ അതിന്റെ പേരില്‍ കുറ്റം ചുമത്താനാകില്ല എന്നാണ് വിധി. സാഹചര്യങ്ങളോ ചില പ്രത്യേക മാനസികാവസ്ഥയോ ആയിരിക്കാം സാധാരണ കുടുംബ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ മറ്റൊരു ബന്ധത്തിലേക്ക് നയിക്കുന്നത്. പിന്നീട് ശിക്ഷ ഭയന്നും കുടുംബത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാനും ഈ അവിഹിത ബന്ധത്തില്‍ നിന്ന് ഇയാള്‍ പുറത്തു കടക്കുകയാണ് അധികം കേസുകളിലും സംഭവിക്കുന്നത്. എന്നാല്‍ ഇതൊരു കുറ്റമല്ലാതാകുന്നതോടെ നിയമപരമായ നടപടികള്‍ ഇവര്‍ക്ക് ഭയക്കേണ്ടി വരില്ല. പകരം ധാര്‍മികമായ ഉത്തരവാദിത്തങ്ങള്‍ മാത്രമായിരിക്കും വിവാഹേതര ബന്ധം അവസാനിപ്പിക്കാന്‍ ആ വ്യക്തിയെ പ്രേരിപ്പിക്കുന്ന ഘടകം. ധാര്‍മികതക്ക് അധികമൊന്നും വില കല്‍പ്പിക്കാത്ത ഒരു വ്യക്തിക്ക് അയാളുടെ ഇഷ്ടാനുസരണം ലൈംഗിക സ്വാതന്ത്യം കൊടുക്കുന്ന ഒരു ഉത്തരവായി സുപ്രീംകോടതിയുടെ വിധി മാറില്ലേ എന്ന ആശങ്കയക്ക് ഉത്തരമുണ്ടാകണം.

വിധിയില്‍ ആശങ്കപ്പെടേണ്ടതുണ്ടോ ..?

മനുഷ്യാവകാശം എന്ന വിശാലമായ അര്‍ത്ഥത്തില്‍ സുപ്രീംകോടതി നീതിയുക്തമായ ഉത്തരവാണിത്. എന്നാല്‍ കുടുംബബന്ധങ്ങള്‍ക്ക് ഉറപ്പും ദൃഡതയും കുറഞ്ഞ് കുടുംബഭദ്രത തന്നെ തകരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ഈ വിധി കേള്‍ക്കുമ്പോള്‍ ആശങ്കപ്പെടണം. വിവാഹേതരബന്ധങ്ങളുടെ പേരില്‍ കൊലപാതകം നടത്താന്‍ പോലും മടിക്കാത്തവരുടെ നാടു കൂടിയാണിത്. പ്രായവും പദവിയും ഉത്തരവാദിത്തങ്ങളും മറന്ന് മറ്റൊരു പുരുഷന്റെയോ സ്ത്രീയുടെ ഒപ്പം കുടുംബം ഉപേക്ഷിച്ച് ഇറങ്ങുന്നവര്‍ സുപ്രീംകോടതി വിധി മറയാക്കും. എത്ര വിശാലമായ അര്‍ത്ഥത്തിലാണ് കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചതെന്ന് മനസിലാക്കാനുള്ള വിവേകമോ ബുദ്ധിയോ ഇല്ലാത്തവര്‍ക്ക് ആപത്തിലേക്കുള്ള യാത്രയായിരിക്കും അത്.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെ ഊന്നിപ്പറഞ്ഞുകൊണ്ട് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണം. മനുഷ്യാവകാശങ്ങളുടേ പേരില്‍ കൊടും കുറ്റവാളികള്‍ പോലും പരിരക്ഷിക്കപ്പെടുന്ന കാലത്ത് കുത്തഴിഞ്ഞ ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള അനുമതിയായി ഈ വിധി കണക്കാക്കപ്പെടരുത്. ഭാര്യ സ്വകാര്യ സ്വത്തല്ലെന്നും ലൈംഗിക ബന്ധത്തിനുള്ള സ്വയം നിര്‍ണയാവകാശത്തെ ബഹുമാനിക്കണമെന്നുമുള്ള കോടതി നിരീക്ഷണങ്ങള്‍ സ്വാഗതാര്‍ഹം തന്നെ. സമൂഹത്തിന്റെ താത്പര്യത്തിന് അനുസരിച്ച് ചിന്തിക്കാന്‍ സ്ത്രീയോടെന്നല്ല ഒരു വ്യക്തിയോടും ആവശ്യപ്പെടാനാകില്ല. എന്നാല്‍ കുടുംബത്തിന്റെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്ത്രീ മാത്രമല്ല പുരുഷനും ബാധ്യസ്ഥനാണ്. ലൈംഗിക ബന്ധത്തിനുള്ള സ്വയം നിര്‍ണ്ണയാവകാശം കുടുംബത്തിന്റെ താത്പര്യങ്ങളെ ഹനിച്ചുകൊണ്ടാകുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അനര്‍ത്ഥങ്ങള്‍ ആലോചിക്കാതിരിക്കാനാകില്ല.

Man files complaint against wife's lover for taking private visuals of wife using mobile app

എല്ലാത്തിനും അപ്പുറം കോടതിക്കോ സര്‍ക്കാരിനോ എഴുതി നല്‍കി നടപ്പിലാക്കിക്കേണ്ടതല്ല കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍. അവ സ്വയം മനസിലാക്കി വ്യക്തിസ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ട് തെറ്റുപറ്റാതെ നിര്‍വഹിക്കുന്നവര്‍ക്ക് ഇത്തരം വിധി പ്രസ്താവനകളുടെ ആവശ്യം ഉണ്ടാകില്ല. സൈബര്‍ ലോകത്തില്‍ സൗഹൃദങ്ങള്‍ക്കും അതിരുവിടുന്ന സൗഹൃദങ്ങള്‍ക്കും ക്ഷാമമില്ലാതാകുമ്പോള്‍ പക്ഷേ ഭയക്കണം, ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് എങ്ങനെ നടപ്പിലാക്കപ്പെടും എന്നതോര്‍ത്ത്….

shortlink

Related Articles

Post Your Comments

Related Articles


Back to top button