ന്യൂഡല്‍ഹി•ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ വംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം എന്നിവ ഒക്ടോബറിന് ശേഷം ഇറാന് ഓര്‍ഡറുകള്‍ നല്‍കിയിട്ടില്ല എന്നതാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കമതി ഇന്ത്യ നിര്‍ത്തിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം.
ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവുംകൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ഇറാനില്‍ നിന്ന് 577,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇക്കൊല്ലം ഇറക്കുമതി ചെയ്തിരിക്കുന്നത്. മധ്യേഷന്‍ രാജ്യങ്ങളുടെ ആകെ ഉത്പാദനത്തിന്റെ 27 ശതമാനം വരുമിത്. ക്രൂഡ് ഓയില്‍ ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്ന അമേരിക്കന്‍ ആവശ്യം രണ്ട് രാജ്യങ്ങളും മുമ്പ് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യ നിലപാട് മാറ്റില്ലെന്നാണ് ഇറാന് പ്രതീക്ഷിക്കുന്നത്. ഇറാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ താത്കാലികമായെങ്കിലും നിര്‍ത്തിവച്ചാല്‍ ഇറാന് വലിയ തിരിച്ചടിയുണ്ടാക്കും. ദക്ഷിണ കൊറിയ, ജപ്പാന്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്.
നവംബറിലാണ് ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധം നിലവില്‍ വരുന്നത്. ഇറാനില്‍ നിന്ന് വാങ്ങുന്നതിന് അമേരിക്കന്‍ ഉപരോധം തടസമായാല്‍ എണ്ണയ്ക്ക് ഒപക് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. ഇത് എണ്ണവില കുതിച്ചുയരുന്നതിന് വഴിവയ്ക്കും. അങ്ങനെയുണ്ടായാല്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്കെത്തുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. വില ഉയരുന്നത് പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്നുള്ള അമേരിക്കയുടെ ആവശ്യം ഒപെക് തള്ളുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഡോളറിനെ ഒഴിവാക്കി രൂപയില്‍ വിനിമയം നടത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Post Your Comments