ന്യൂഡൽഹി: എയര്‍ഇന്ത്യയുടെ ദില്ലി-ന്യൂയോര്‍ക്ക് ബോയിംഗ് 777-300 വിമാനം വലിയ ദുരന്തത്തില്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. 370 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ന്യൂയോര്‍ക്ക് എത്തും മുന്‍പ് പലതരം സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും പൈലറ്റുമാര്‍ അതിസഹാസികമായി വിമാനം ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. തറനിരപ്പില്‍ നിന്നുമുള്ള ഉയരം കണക്കാക്കുന്ന ഉപകരണമടക്കം പ്രവര്‍ത്തന രഹിതമായതോടെ പൈലറ്റുമാര്‍ ഏകദേശ ധാരണവച്ചാണ് വിമാനം നിലത്തിറക്കിയത്.
ന്യൂയോര്‍ക്കില്‍ ഇറങ്ങാന്‍ സാധിക്കാതെ വന്നതോടെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒടുവില്‍ എയര്‍ഇന്ത്യ വിമാനം ഇറങ്ങിയത്. സെപ്തംബര്‍ പതിനൊന്നിനാണ് നടന്ന ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ആണ് പുറത്തു വരുന്നത്. ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ വിമാനം പതിനഞ്ച് മണിക്കൂറോളം പറന്ന ശേഷമാണ് സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയത്. കോക്പിറ്റില്‍ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാര്‍ക്ക് പലതരം സങ്കേതിക പ്രശ്നങ്ങള്‍ ഒരേസമയം നേരിടേണ്ടി വന്നു. വിമാനത്തിന് തറനിരപ്പില്‍ നിന്നുള്ള ഉയരം കണക്കാക്കനും നിലനിര്‍ത്താനുമുള്ള ഉപകരമാണ് റേഡിയോ ആള്‍ട്ടി മീറ്റര്‍.
യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ മൂന്ന് ആള്‍ട്ടി മീറ്ററുകളില്‍ രണ്ടും പെട്ടെന്ന് പ്രവര്‍ത്തന രഹിതമായി. അവശേഷിച്ച ഒന്നില്‍ നിന്നും കാര്യമായ വിവരം ലഭിച്ചതുമില്ല. ആള്‍ട്ടിമീറ്ററില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വച്ചാണ് വിമാനത്തിന്റെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ആള്‍ട്ടി മീറ്ററില്‍ നിന്നും വിവരം ലഭിക്കാതായതോടെ അതും പ്രവര്‍ത്തിക്കാതെയായി. ഓട്ടോ ലാന്‍ഡ്, വിന്‍ഡ്ഷെര്‍ സിസ്റ്റം, ഓട്ടോ സ്പീഡ് ബ്രേക്ക്, ഓക്സിലറി പവര്‍ യൂണിറ്റ് തുടങ്ങിയ പലതരം സംവിധാനങ്ങളും പിന്നാലെ പ്രവര്‍ത്തനരഹിതമായി.
കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് മനസ്സിലായതോടെ വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്റ്റന്‍ പാലിയ, ക്യാപ്റ്റന്‍ സുഷാന്ത് സിംഗ്, ഫസ്റ്റ് ഓഫീസേഴ്സ് വികാസ്, ഡിഎസ് ഭാട്ടി എന്നിവര്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇന്ധനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ റിസ്ക് ഏറ്റെടുത്തു കൊണ്ട് തന്നെ ലാന്‍ഡ് ചെയ്യാനായിരുന്നു അവരുടെ തീരുമാനം. വിമാനത്തിന്റെ തല്‍സ്ഥിതി അവര്‍ എയര്‍ ട്രാഫിക് കണ്ട്രോള് റൂമില്‍ അറിയിച്ചു. ന്യൂയോര്‍ക്കിന് മുകളില്‍ കുറച്ചു നേരം വട്ടമിട്ട് പറന്നെങ്കിലും ലാന്‍ഡിംഗ് നടത്താനായില്ല.
ഇതോടെ അടുത്തുള്ള വിമാനത്താവളങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഇറങ്ങാനായി ശ്രമം. എന്നാല്‍ അപ്പോഴേക്കും കാലാവസ്ഥ പ്രതികൂലമായി മാറിയിരുന്നു. ഇരുന്നൂറ് മീറ്റര്‍ ദൂരം പോലും കാണാന്‍ സാധിക്കാത്തവണ്ണം കാഴ്ച മറഞ്ഞു. ബോസ്റ്റണിലേക്കോ കണ്ക്ടകട്ടിലേക്കോ വിമാനം തിരിച്ചു വിടാതെ നേരെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങാനായിരുന്നു പൈലറ്റിന്റെ തീരുമാനം. എന്നാല്‍ അതു കൊണ്ടും പ്രശ്നങ്ങള്‍ തീര്‍ന്നില്ല. വിമാനം വഴിതിരിച്ചു വിട്ട കാരണം വെര്‍ട്ടിക്കല്‍ നാവിഗേഷനില്‍ പ്രശ്നങ്ങളുണ്ടായി. എങ്കിലും രണ്ടും കല്പിച്ച് പൈലറ്റ് വിമാനം അടുത്തുള്ള നെവാര്‍ക്ക് വിമാനത്താവളത്തിലേക്ക് തന്നെ വിട്ടു.
താഴ്ന്ന് നിന്ന മേഘക്കൂട്ടങ്ങള്‍ കാരണം എയര്‍പോര്‍ട്ടോ റണ്‍വേയോ ആദ്യം ദൃശ്യമായില്ല. ഒടുക്കം റണ്‍വേയ്ക്ക് ഒന്നര മൈല്‍ അകലത്തില്‍ എത്തിയപ്പോള്‍ ആണ് റണ്‍വേ ലൈറ്റുകള്‍ പോലും പൈലറ്റുമാര്‍ക്ക് കാണാനായത്. അപ്പോള്‍ 400 അടി ഉയരത്തിലായിരുന്നു വിമാനം. ക്യാപ്റ്റന്‍ പാലിയ വിമാനത്തിന്റെ വേഗം മണിക്കൂറില്‍ 300 കി.മീ ആയി ചുരുക്കി കൊണ്ട് ലാന്‍ഡിംഗിനൊരുങ്ങി. സ്ഥിരം ഉപകരണങ്ങളുടെ സഹായമില്ലാതെ മാനുവല്‍ ആയി വേണമായിരുന്നു ലാന്‍ഡിംഗ്. വിമാനം താഴ്ന്നു വരുമ്പോള്‍ ഭൂമിയില്‍ നിന്നുള്ല അകലം എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കാനുള്ള യാതൊരു സാഹചര്യവുമില്ലായിരുന്നു.
എന്തായാലും എല്ലാ വെല്ലുവിളികളേയും അവഗണിച്ച് നെവാര്‍ക്ക് വിമാനത്തില്‍ എയര്‍ ഇന്ത്യയുടെ ഭീമന് വിമാനം ലാന്‍ഡ് ചെയ്തു. തങ്ങള്‍ കടന്നു വന്ന അപകടങ്ങളെക്കുറിച്ചൊന്നും യാത്രക്കാര്‍ അപ്പോഴും അറിഞ്ഞിരുന്നില്ല. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെക്കുറിച്ച് ബോയിംഗ് കമ്പനിയും എയര്‍ഇന്ത്യയും ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം നിര്‍ണായക ഘട്ടത്തെ സമചിത്തതയോടെ നേരിട്ട വിമാനത്തിന്റെ പൈലറ്റുമാര്‍ക്ക് അഭിനന്ദപ്രവാഹമാണിപ്പോള്‍.
Post Your Comments