KeralaLatest News

എസ്എടി ആശുപത്രിയിലെ സംഘര്‍ഷം : ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം പുറത്ത്

തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ട് എ.സന്തോഷ് പറയുന്നതിങ്ങനെ. ചികിത്സയ്ക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചുവെന്ന തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍. കിംസ് ആശുപത്രിയില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ കഴിയാത്തവിധം കൊല്ലം ശൂരനാട് സ്വദേശിനിയെ അവസാന ആശ്രയമായി എസ്.എ.ടി. ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ കുഞ്ഞ് മരിച്ചെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന അമ്മയ്ക്ക് തീവ്ര പരിചരണം നല്‍കി രക്ഷിച്ചെടുക്കുകയും ചെയ്തു. ഇക്കാര്യം ബന്ധുക്കള്‍ക്കെല്ലാം ബോധ്യമുള്ളതാണ്. അതിനാല്‍ തന്നെ എസ്.എ.ടി.യ്‌ക്കെതിരായ ഈ ആരോപണം സത്യത്തിന് നിരക്കുന്നതല്ലെന്നും സൂപ്രണ്ട് പറഞ്ഞു.

സെപ്റ്റംബര്‍ പതിനെട്ടാം തീയതിയാണ് ഗര്‍ഭിണിയായ യുവതിയെ കിംസ് ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ എസ്.എ.ടി. ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. വിദഗ്ധ പരിശോധനയില്‍ യുവതിയുടെ വയര്‍ വെള്ളം നിറഞ്ഞ് വികസിച്ച അവസ്ഥയാണെന്ന് മനസിലായി. ഇതിന് വേണ്ട ചികിത്സകള്‍ നല്‍കിയിരുന്നുവെങ്കിലും പത്തൊമ്ബതാം തിയതി വെള്ളം പൊട്ടിപ്പോകുകയും ബ്ലീഡിംഗ് ഉണ്ടാകുകയും തുടര്‍ന്ന് യുവതി ക്ഷീണിതയാവുകയും ചെയ്തു. ഉടന്‍ തന്നെ ഡോക്ടര്‍ പരിശോധിച്ച് അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് നടത്തി. പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി.

വെള്ളം പൊട്ടിയതിന്റെ സമ്മര്‍ദ്ദത്തില്‍ പ്ലാസന്റയ്ക്ക് ക്ഷതമേറ്റതാണ് ബ്ലീഡിംഗിന് കാരണമായതെന്നും വ്യക്തമായി. അമ്മയുടെ ജീവന്‍ രക്ഷിക്കുക പ്രധാനമായതിനാല്‍ ഉടന്‍ തന്നെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷൈലയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി മരിച്ച കുഞ്ഞിനെ പുറത്തെടുത്തു. പൂര്‍ണ വളര്‍ച്ചയെത്താത്ത 30 ആഴ്ച മാത്രം പ്രായമുള്ളതായിരുന്നു മരണമടഞ്ഞ ഗര്‍ഭസ്ഥ ശിശു. കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ പൂര്‍ണ വളര്‍ച്ചയിലെത്തിയിരുന്നില്ല. ഒരു കിലോ ഭാരം മാത്രമാണ് കുഞ്ഞിനുണ്ടായിരുന്നത്.

ഇതെല്ലാം ചികിത്സാ രേഖകളിലുണ്ട്. ബന്ധുക്കളോട് ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നതുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ചികിത്സാ പിഴവാണ് കുഞ്ഞ് മരിക്കാനിടയായതെന്ന തരത്തില്‍ ആരോപണമുന്നയിക്കുന്നതില്‍ ഒരടിസ്ഥാനവുമില്ല.

മാത്രവുമല്ല ശസ്ത്രക്രിയ നടന്ന് ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് 24 ന് രാത്രി പത്തരയ്ക്ക് ഒരുസംഘം ആളുകള്‍ ആശുപത്രിയിലെത്തി സംഘര്‍ഷം ഉണ്ടാക്കിയത്. യുവതിയോട് ഒരു ജീവനക്കാരി മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button