Latest NewsArticle

പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ അല്ല ശതകോടീശ്വരന്‍മാരുടെ ഇന്ത്യയാണെന്ന്

‘കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ, കൂട്ടികൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ടരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ച് വലിച്ച് ചുമച്ച് ചോര തുപ്പുന്നവരുടെ ഇന്ത്യ..’ ദ കിംഗിലെ ഈ ഡയലോഗ് കേട്ട് ഇന്ത്യയെ വിലയിരുത്താന്‍ വരട്ടെ. ഇപ്പോള്‍ വായിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടും അതുമായി ഒരു ബന്ധവുമുണ്ടാകില്ല. നമ്മുടെ രാജ്യം പട്ടിണിക്കാരുടെ ഇന്ത്യയെന്നല്ല ശതകോടീശ്വരന്‍മാരുടെ ഇന്ത്യ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

ശത കോടീശ്വരന്‍മാരുടെ എണ്ണം കൂടുന്ന രാജ്യമായി ഇന്ത്യ മാറുന്നു. ആയിരം കോടി ആസ്തിയുള്ളവരുടെ പട്ടികയിലേക്ക് ഈ വര്‍ഷം ചേര്‍ക്കപ്പെട്ടത് 214 കോടിപതികളാണ്. ഇതോടെ, ഈ ക്ലബ്ബിലുള്ളവരുടെ എണ്ണം 818 ആയെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാര്‍ക്കലൈസ് ഹുരുന്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേള്‍ക്കുമ്പോള്‍ നല്ല വാര്‍ത്തയാണ്.എന്നാല്‍ ഇതൊടൊപ്പം ദരിദ്രനാരായണന്‍മാരുടെ ജീവിതത്തില്‍ വലിയ മാറ്റം സംഭവിക്കുന്നുണ്ടോ എന്നതുകൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. അതിന് മുമ്പ് ബാര്‍ക്കലൈസ് ഹുരുന്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വിശദമാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Billionaires

371,000 കോടി ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ ഏറ്റവും വലിയ ധനാഢ്യന്‍. ഈ പട്ടികയില്‍ തുടര്‍ച്ചയായി ഏഴാം തവണയാണ് മുകേഷ് ഒന്നാമതാകുന്നത്. ടിസിഎസ് ഓഹരികളുടെ വമ്പന്‍ കുതിപ്പില്‍ സൈറസ് പല്ലൊന്‍ജി മിസ്ട്രി, ശപൂര്‍ജി പല്ലൊന്‍ജി മിസ്ട്രി എന്നിവര്‍ ഏറ്റവും ധനാഢ്യരായ ഇന്ത്യക്കാരുടെ ആദ്യ പത്തില്‍ കടന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളായ ഹിന്ദുജ കുടുംബമാണ് 159,000 കോടി ആസ്തിയുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 114,500 ആസ്തിയുള്ള മിത്തല്‍ കുടുംബമാണ് മൂന്നാമത്. 96,100 കോടിയുമായി അസീം പ്രേംജി, 89,700 കോടിയുമായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മേധാവി ദിലിപ് സാങ്‌വി, 78,600 കൊട്ടക്ക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കൊട്ടക്, 73,000 കോടിയുമായി സൈറസ് പൂന്‍വാല, 69,400 കോടിയുമായി സൈറസ് മിസ്ട്രിയുമാണ് പട്ടികയിലെ ആദ്യ പത്തില്‍.

2014 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 230 ശതകോടീശ്വരന്‍മാരാണ് രാജ്യത്തുണ്ടായിരുന്നത്. നാലുവര്‍ഷം കൊണ്ട് ഇത് 831 ആയി മാറി. 2014 നും മുമ്പ് 2012 ല്‍ 59 ശതകോടീശ്വരന്‍മാര്‍ മാത്രമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. ആയിരം കോടി ആസ്തിയുള്ളവരുടെ പട്ടകിയില്‍ കഴിഞ്ഞ വര്‍ഷം വരെ 617 പേരാണുണ്ടായിരുന്നത്. ഈ വര്‍ഷം ഇതില്‍ 214 പേരുടെ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. ആയിരം കോടി രൂപയ്ക്ക് മുകളില്‍ സമ്പാദ്യമുള്ളവരുടെ മൊത്തം ആസ്തി കണക്കാക്കിയാല്‍ 49 ലക്ഷം കോടി രൂപയോളമുണ്ടാകും. സാമ്പത്തിക വര്‍ഷ ഒന്നാം പാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാള്‍ കൂടുതലാണിത്. ഇങ്ങനെയൊക്കൊണ് നമ്മുടെ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ കണക്കുകള്‍.

Azim Premji
അതേസമയം ആദ്യം പറഞ്ഞ മമ്മുട്ടി ചിത്രത്തിലെ ഡയലോഗില്‍ നിന്നും രാജ്യത്തെ പട്ടിണിക്കാരുടെ അവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ടോ എന്നു കൂടി നോക്കാം. കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് ഇന്ത്യക്കാര്‍ പതുക്കെ പുറത്തുവരുന്നുണ്ടെങ്കിലും അവന്റെ ജീവിത സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. 73 മില്യന്‍ ജനങ്ങള്‍ ഇന്ത്യയില്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഇവരെ ഇതില്‍ നിന്ന് പുറത്തു കടത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ചെറിയ രീതിയില്‍ ഫലപ്രദമാകുന്നുണ്ട്. എന്നാല്‍ മഹാനാഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും യുപി ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ ഗ്രാമിണമേഖലകളിലും ജനങ്ങള്‍ ഇപ്പോഴും കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും തന്നെയാണ്.

Dilp
2016 ല്‍ ഇന്ത്യയില്‍ ജനിച്ച ആയിരം കുട്ടികളില്‍ 43 പേര്‍ ഇവരുടെ അഞ്ചാം പിറന്നാളിന് മുമ്പ് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്നവരുടെ എണ്ണം 20 ശതമാനത്തതിലധികമാണ്. തൊഴിലില്ലായ്മയും രോഗങ്ങളും പട്ടിണിയും നിരക്ഷരതയുമെല്ലാം ഇന്ത്യയുടെ മറ്റ് തിളക്കങ്ങള്‍ക്ക് മാറ്റു കുറയ്ക്കുന്ന ഘടകങ്ങളാണ്. വികസനം, ദാരിദ്ര്യനിര്‍മാര്‍ജനം, ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം ഇവയ്‌ക്കൊക്കെ മുന്‍ഗണന നല്‍കിയാല്‍ മാത്രമേ ഒരു രാജ്യത്തിന്റെ ജനതയ്ക്ക് പട്ടിണിയില്ലാതെയും ആരോഗ്യത്തെയും ജീവിക്കാനാകൂ. ഇവയ്‌ക്കൊക്കെ മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ ആണ്ടോടാണ്ട് പ്രഖ്യാപിക്കപ്പെടുമെങ്കിലും അതൊന്നും പലപ്രദമായി നടപ്പിലാക്കാത്തപതതും കെടുകാര്യസ്ഥതയും അഴിമതിയുമൊക്കെയാണ് ഇന്ത്യയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ഘടകങ്ങള്‍. രാജ്യത്തെ 40% ജനങ്ങള്‍ക്ക് ശരിയായ ആരോഗ്യപരിരക്ഷ, കുടിവെള്ളം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്ല. ഇന്ത്യക്ക് ശക്തമായ രാഷ്ട്രീയനിയമ സ്ഥാപനങ്ങളില്ല എന്നതും മറ്റൊരു പ്രധാനഘടകമാണ്.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ചില പദ്ധതികള്‍ പ്രതീക്ഷയയ്ക്ക് മങ്ങലേല്‍പ്പിക്കാതെ ജനങ്ങള്‍ക്കു ഗുണകരമാകുന്നുണ്ട് എന്ന വസ്തുതയും മറച്ചുവയ്ക്കാനാകില്ല. ആസൂത്രണ കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിലാണ് അടുത്ത പ്രതീക്ഷ. നീതി ആയോഗിന്റെ ‘നവ ഇന്ത്യ @ 2022’ എന്ന കര്‍മപദ്ധതി ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ എന്ത് മാറ്റം കൊണ്ടുവരുമെന്നാണ് ഇനി അറിയേണ്ടത്. എട്ടു ശതമാനം വളര്‍ച്ചാനിരക്കുമായി മുന്നോട്ടുപോയാല്‍ 2047ഓടെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സമ്പദ് വ്യവസ്ഥകളിലൊന്നായി രാജ്യം മാറുമെന്നാണ് ഈ കര്‍മപദ്ധതി ആവിഷ്‌ക്കരിക്കുന്ന നീതി ആയോഗ് അവകാശപ്പെടുന്നത്. എന്തായാലും സ്വന്തം അവകാശങ്ങളെപ്പോലും വേണ്ടവിധം ബോധ്യമില്ലാതെ പട്ടിണിയിലംു രോഗങ്ങളിലും കഴിയുന്ന നാടിന്റെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ ചെറിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ആശ്വാസകരം തന്നെയാണ്.

ഇങ്ങനെയൊക്കെയുള്ള ഒരു രാജ്യം ശതകോടീശ്വരന്‍മാര്‍ വളരുന്ന നാടായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അതെങ്ങനെ സ്വീകരിക്കണം. പട്ടിണിക്കാരെ കൂടുതല്‍ പട്ടിണിയിലേക്കും സമ്പന്നന്‍മാരെ കൂടുതല്‍ സമ്പന്നതയിലേക്കും നയിക്കുന്നതാകരുത് ഒരു രാജ്യത്തിന്റെ വികസനം. ഇന്ത്യ ശതകോടീശ്വരന്‍മാരുടെ നാടായല്ല പട്ടിണിയില്ലാത്ത ഒരു ജനതയുടെ നാടായി അറിയപ്പെടണം. അതിനുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുമ്പോഴേ അഭിമാനിക്കാവുന്ന നേട്ടം രാജ്യത്തിനുണ്ടാകൂ. ഇന്ത്യക്കാരെന്ന്് അഭിമാനിക്കുന്ന ശതകോടീശ്വരന്‍മാര്‍ക്കും ഉണ്ടാകണം ആ സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്തവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button