തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ഏര്‍പ്പെടുത്തിയ ഡോ എപിജെ അബ്ദുള്‍ കലാം പുരസ്‌കാരം ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ലഭിച്ചു. ഓട്ടിസം ഉള്‍പ്പെടെ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കുന്നവരുടെ ഉന്നമനം, പുനരധിവാസം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
സാമൂഹ്യനീതി വകുപ്പില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന ആരംഭിച്ചിട്ടുള്ള അനുയാത്ര പദ്ധതി, ഓട്ടിസം ബാധിച്ച കുട്ടികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച എംപവര്‍ ടീം, എല്ലാ ജില്ലകളിലും മൂന്നു കോടി രൂപ വീതം അനുവദിച്ച് ആരംഭിക്കുന്ന ജില്ലാ പ്രാരംഭ കണ്ടെത്തല്‍ കേന്ദ്രങ്ങള്‍ (ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍), സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച മൊബൈല്‍ യൂണിറ്റുകള്‍ (ഈ യൂണിറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷന്‍ തെറാപ്പിസ്റ്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി) തുടങ്ങിയ പദ്ധതികള്‍ ഏറെ പ്രയോജനം ചെയ്തുവെന്നതിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം.
കുട്ടികളുടെ ഭിന്നമായ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനായും തൊഴില്‍ പരിശീലനം നല്‍കുന്നതിനുമായി ചൈല്‍ഡ് എംപവര്‍മെന്റ് പ്രോഗ്രാമും നടപ്പിലാക്കി വരുന്നു. ഗായിക കെഎസ് ചിത്ര, ഡോക്യുമെന്ററി സംവിധായകന്‍ ബൈജുരാജ് ചേകവര്‍ എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചിരുന്നു. കൊച്ചിയില്‍ വച്ചുനടന്ന ചടങ്ങില്‍ ഡോ എപിജെ അബ്ദുള്‍കലാമിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Post Your Comments