Latest NewsNattuvartha

കുരുമുളക് കർഷകർക്കു കനത്ത നഷ്ട്ടം, വിയറ്റ്നാം കുരുമുളക് ഇനി ശ്രീലങ്കനാകും

8% ഇറക്കുമതി തീരുവയോടെ വിയറ്റ്നാം കുരുമുളക് ശ്രീലങ്കയുടേതെന്ന പേരിൽ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യത

കൊച്ചി: പ്രളയത്തിൽ കൃഷിയും സ്റ്റോക്കും നശിച്ച കുരുമുളക് കർഷകർക്കു കനത്ത അടിയായി കുരുമുളക് കയറ്റുമതി ഉദാരമാക്കി ശ്രീലങ്കയുടെ നയം. വിയറ്റ്നാമിൽ നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന കുരുമുളകിന് ഇനി മുതൽ ശ്രീലങ്കയിൽ ഉൽപാദിപ്പിച്ച കുരുമുളകിനുള്ള സർട്ടിഫിക്കറ്റ് നൽകും. ഇതോടെ 8% ഇറക്കുമതി തീരുവയോടെ വിയറ്റ്നാം കുരുമുളക് ശ്രീലങ്കയുടേതെന്ന പേരിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഉറപ്പായി.

കയറ്റുമതി–ഇറക്കുമതി നയത്തിൽ ശ്രീലങ്ക മാറ്റം വരുത്തിയിട്ടു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും തൂത്തുക്കുടി, ചെന്നൈ, കൃഷ്ണപട്ടണം തുറമുഖങ്ങളിൽ വില കുറഞ്ഞ വിയറ്റ്നാം കുരുമുളക് എത്തിത്തുടങ്ങി. വിയറ്റ്നാമിൽ ടണ്ണിന് 2800 ഡോളറാണു വില. കിലോഗ്രാമിന് 200 രൂപ. കേരളത്തിൽ കുരുമുളകിനു നിലവിൽ അൺഗാർബിൾഡിന് 380 രൂപയും ഗാർബിൾഡിന് 400 രൂപയും വിലയുണ്ട്. ഡോളർ കണക്കിലാണെങ്കിൽ ടണ്ണിന് 5700 ഡോളർ. സാഫ്ത കരാർ പ്രകാരം ശ്രീലങ്കയിൽ നിന്നുള്ള കുരുമുളക് 8% തീരുവയോടെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം.

ആസിയാൻ രാജ്യങ്ങളിൽ നിന്നാണെങ്കിൽ തീരുവ 52%. വിയറ്റ്നാമിൽ നിന്നു ടണ്ണിന് 2800 ഡോളറിനു വാങ്ങുന്ന കുരുമുളകിനു ശ്രീലങ്കൻ ഉൽപന്നമെന്ന സർട്ടിഫിക്കറ്റ് ചാർത്താൻ 700 ഡോളർ ഫീസ് ഉണ്ട്. അതും ചേരുമ്പോഴും വില ടണ്ണിന് 3500 ഡോളർ. എങ്കിലും ഈ കുരുമുളക് ഇന്ത്യയിലെത്തുമ്പോൾ ആകെ വില കിലോഗ്രാമിന് 257 രൂപ മാത്രം.

എന്നാൽ, ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ വില കിലോഗ്രാമിനു മിനിമം 500 രൂപ ആയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതു പാലിക്കാനായി വിയറ്റ്നാം കുരുമുളകിനു വില കിലോഗ്രമിന് 500 രൂപയെന്ന് ഇൻവോയ്സിൽ രേഖപ്പെടുത്തുന്നു. ടണ്ണിന് 7200 ഡോളർ എന്നു വില കാണിച്ചാൽ മതിയാകും. 16 ടണ്ണിന്റെ ഒരു കണ്ടെയ്നർ കുരുമുളക് ഇറക്കുമ്പോൾ 6.4 ലക്ഷം രൂപ തീരുവയായി കേന്ദ്ര സർക്കാരിനു കിട്ടും. ശ്രീലങ്കൻ കുരുമുളകിനുള്ള തീരുവ ഇളവു റദ്ദാക്കി ആസിയാൻ രാജ്യങ്ങൾക്കുള്ളതു പോലെ 52% ഏർപ്പെടുത്തണമെന്നാണ് കർഷകരുടെയും വ്യാപാരികളുടെയും ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button