തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ തച്ചങ്കരിയുടെ പരിഷ്‌കരണക്കങ്ങള്‍ക്കിനി എണ്ണപ്പെട്ട നാളുകളെന്ന സൂചന. തച്ചങ്കരിയെ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം സി.ഐ.ടി.യു ശക്തമാക്കിയതോടെയാണ് മുഖ്യമന്ത്രിയും തച്ചങ്കരിയെ കൈയൊഴിയുമെന്ന സാഹചര്യം വന്നിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങള്‍ക്കനുകൂലമായ നിലപാടെടുത്തില്ലെങ്കില്‍ ജീവനക്കാരുടെ നാലരലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ പാര്‍ട്ടിക്കെതിരാകുമെന്നും അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും യൂണിയന്‍ യോഗത്തില്‍ പ്രസ്താവനകളുയര്‍ന്നു.
ഇതോടെയാണ് തൊഴിലാളികളെ പിണക്കി തച്ചങ്കരിയെ സംരക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്. തച്ചങ്കരിയെ മാറ്റാനുള്ള സി.ഐ.ടി.യുവിന്റെ നീക്കം കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് അറിയാത്തതല്ലെന്ന് സി.ഐ.ടി.യു. സംസ്ഥാന ട്രഷറര്‍ നന്ദകുമാര്‍ വിമര്‍ശനമുയര്‍ത്തി.
‘നാളെ, കടക്കൂ പുറത്തെന്ന തൊഴിലാളികള്‍ക്ക് പറയേണ്ടിവരും’ എന്ന് പ്രതിനിധികള്‍ മുന്നറിയിപ്പുനല്‍കുകയും മുഖ്യമന്ത്രിക്കും സി.പി.എം. സംസ്ഥാന സെക്രട്ടറിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സിയിലെ പ്രകടന നിരോധനം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകള്‍ വാങ്ങാത്തത്, സിംഗിള്‍ ഡ്യൂട്ടി സംവിധാനം എന്നീ നടപടികള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
യൂണിയന്‍ മുന്‍ സെക്രട്ടറി ടി.കെ. രാജന്‍ ഉള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് തട്ടങ്കരിയുടെ തീരുമാനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്നും ബസ്സ്‌റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്കു കൈമാറുമ്പോള്‍ താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ 315 ജീവനക്കാര്‍ക്ക് ജോലി നഷ്ട്ടമാകുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തച്ചങ്കരിയെ മാറ്റണമെന്ന തീരുമാനം സി.പി.എമ്മിനെയും സര്‍ക്കാരിനെയും അറിയിക്കാന്‍ വൈക്കം വിശ്വനെയും ആനത്തലവട്ടം ആനന്ദനെയും യോഗം ചുമതലപ്പെടുത്തി. സി.ഐ.ടി.യുവിന്റെ ഉറച്ചതീരുമാനത്തിനു മുന്നില്‍ തച്ചങ്കരിയെ മാറ്റുക എന്ന വഴിയെ സര്‍ക്കാരിനു മുന്നിലുള്ളൂ.
Post Your Comments