അബുദാബി: ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍ ഇരുപതു മിനിറ്റുകൊണ്ട് ഓര്‍ത്തെടുത്ത് ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളിയായ അഞ്ചു വയസുകാരൻ. എ ചൈല്‍ഡ് വിത് എ യൂണിക് ടാലന്‍റ് വിഭാഗത്തിലാണ് ഐസാസ് 2018ല്‍ പുറത്തിറങ്ങിയ ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചത്. കണ്ണൂര്‍ സ്വദേശിയും അബുദാബി ക്വിക് മിക്സ് ബെറ്റണ്‍ എല്‍എല്‍സിയിലെ എച്ച്ആര്‍ ഓഫിസറുമായ ഷമീം പാലോട്ടിന്‍റെയും അസ്റയുടെയും മകനാണ് ഐസാസ്.
ഏതാണ്ട് രണ്ടര വയസുള്ളപ്പോള്‍ ദിനോസറിന്‍റെ രൂപത്തിലുള്ള കളിപ്പാട്ടം കണ്ടാണ് ആ ഇഷ്ടം മനസിൽ കയറിയത്. മറ്റു കുട്ടികൾ കാർട്ടൂൺ ചാനലുകൾ കാണുമ്പോൾ ഐസാസിനിഷ്ടം ഡിസ്കവറി ചാനലായിരുന്നു. മൂന്ന് വസയാപ്പോൾ യൂട്യൂബിൽനിന്ന് മൃഗങ്ങളെ കുറിച്ചും മറ്റുമുള്ള ഡോക്യുമെന്‍ററികളും ഐസാസ് സ്വന്തമായി കണ്ടു തുടങ്ങി.
ഒന്നുകില്‍ ഒരു ദിനോസര്‍ അല്ലെങ്കില്‍ അവയെക്കുറിച്ചുള്ള പുസ്തകം. ഇതില്‍ ഏതെങ്കിലും ഒന്ന് കിട്ടിയാല്‍ ഐസാസ് തൃപ്തനാകും. ബീച്ചിലും പാര്‍ക്കിലും പോയാല്‍ മറ്റു കുട്ടികളെ പോലെ സ്ലൈഡില്‍ കറങ്ങാനൊന്നുമല്ല ഐസാസിന് മോഹം. കയ്യിലുള്ള ദിനോസറുകളുമൊന്നിച്ച് ചങ്ങാത്തം കൂടും. മണലില്‍ കുഴിച്ച് ദിനോസറുകളുടെ അസ്ഥി കണ്ടെത്താനായുള്ള ഗവേഷണം. ഇതൊക്കെയാണ് ഈ കൊച്ചു മിടുക്കന്റെ ശീലം. പുരാതന കാലത്തെ മൃഗങ്ങളെ മാത്രമല്ല മത്സ്യങ്ങളെയും പാമ്പുകളെയുമൊക്കെ ഐസാസ് തിരിച്ചറിയും.
Post Your Comments