തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പെന്‍ഷന്‍കാരില്‍ നിന്ന് തുക നിര്‍ബന്ധിതമായി ഈടാക്കില്ല. എന്നാല്‍ ഇഷ്ടമുള്ള തുക ഇവര്‍ക്ക് ഗഡുക്കളായി നല്‍കാം. ഇതിനായി സമ്മത പത്രം നല്‍കണം. ട്രഷറി ഡയറക്ടര്‍മാര്‍ക്കാണ് ഇത് നല്‍കേണ്ടത്. ഇതില്‍ നല്‍കാനുദ്ദേശിക്കുന്ന തുകയും ഗഡുക്കളും രേഖപ്പെടുത്തണം.
പെന്‍ഷന്‍കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി തോമസ് ഐസകാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരുമാസത്തെ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഒരു പോലെ കാണില്ലെന്നും മന്ത്രി പറഞ്ഞു. കുടിശ്ശികയായി ലഭിക്കാനുള്ള തുകയുടെ 50 ശതമാനം നല്കാന് തയ്യാറാണെന്ന് കോളേജ് അധ്യാപകരായി വിരമിച്ചവരുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
പെന്‍ഷന്‍കാരുടെ സംഭാവന സ്വീകരിക്കണമെന്ന് നേരത്തേ ട്രഷറി ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പല പെന്‍ഷന്‍കാരും പെന്‍ഷന്‍തുക സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് ട്രഷറിയിലെത്തി അറിയിച്ച സാഹചര്യത്തിലായിരുന്നു ഇത്. ശനിയാഴ്ച നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കുലര്‍ പരിഷ്കരിക്കും.
Post Your Comments