KeralaLatest News

തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴും കന്യാസ്ത്രീകളോട് പുഞ്ചിരിച്ച് ഫ്രാങ്കോ

കന്യാസ്ത്രീയുടെ പരാതിയിലെ സംഭവങ്ങള്‍ ചോദിച്ചപ്പോഴും പീഡനം നടന്നിട്ടില്ല എന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയത്

കോട്ടയം: കസ്റ്റഡിയിലുള്ള മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുത്തു. വലിയ സുരക്ഷാ സംവീധാനത്തോടെയായിരുന്നു ബിഷപ്പിനെ മഠത്തിലേക്ക് കൊണ്ടുവന്നത്. മുമ്പ് ഇവിടെ വന്നപ്പോള്‍ ബിഷപ്പ് താമസിച്ചിരുന്ന് മഠത്തിലെ 20ആം നമ്പര്‍ മുറിയിലും ഇവിടുത്തെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങള്‍ കാണിച്ചുമായിരുന്നു തെളിവെടുപ്പ്. എന്നാല്‍ ആരോപണങ്ങള്‍ പാടെ തള്ളിയായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

ബിഷപ്പിനെ മഠത്തില്‍ തെളിവെടുപ്പിനെത്തിക്കുന്നതിനു തൊട്ടു മുമ്പുവരെ പരാതിക്കാരിയായ കന്യാസ്ത്രീ ഇവിടെയുണ്ടായിരുന്നു. പോലീസ് സംഘം ബിഷപ്പുമായി ഇവിടെയെത്തിയപ്പോള്‍ കന്യാസ്ത്രീയും അവരുടെ സഹപ്രവര്‍ത്തകരും തെട്ടടുത്ത കെട്ടിടത്തിലേക്ക് മാറി.  ഇതേസമയം നിലവില്‍ മഠത്തിലുള്ള രണ്ടു കന്യാസ്ത്രീകള്‍ ബിഷപ്പിനെ കാണാനായി പ്രധാനകെട്ടിടത്തില്‍ തന്നെയുണ്ടായിരുന്നു. ഇതുകണ്ട ബിഷപ്പ് ഇവരെ നോക്കി ചിരിച്ചു.

രാവിലെ 9.50ന് കോട്ടയം പോലീസ് ക്ലബില്‍ നിന്നുമാണ് ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടുള്ള മഠത്തില്‍ എത്തിച്ചത്. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവരുടെ സുരക്ഷയുണ്ടായിരുന്നു. ബിഷപ്പ് താമസിച്ച ഇരുപതാം നമ്പര്‍ മുറി അദ്ദേഹത്തിനു കാണിച്ചു കൊടുക്കുകയും, മഠത്തില്‍ താമസിച്ചപ്പോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ മുറിയിലെ അലമാരയില്‍ നിന്നെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ വസ്ത്രം ഓര്‍മ്മയില്ലെന്നായിരുന്നു മറുപടി. കന്യാസ്ത്രീയുടെ പരാതിയിലെ സംഭവങ്ങള്‍ വൈക്കം ഡി.വൈ.എസ്.പി ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും പീഡനം നടന്നിട്ടില്ല എന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയത്. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലായ ഫ്രാങ്കോയെ തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button