Latest NewsEditorial

എസ് രാജേന്ദ്രനോട്, ഗുണ്ടായിസത്തിനും പ്രതികാരത്തിനുമല്ല ജനം വോട്ട് ചെയ്തത്

ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് സ്വാഭാവികമായും അവരോട് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ പുലര്‍ത്തേണ്ടി വരും. പക്ഷേ അതിന് പകരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എയോ എംപിയോ മന്ത്രിയോ ആയി അധികാരസ്ഥാനത്തെത്തിയാല്‍ ജനങ്ങളുടെ സേവകരാകേണ്ടവര്‍ സ്വയം യജമാനന്‍മാരായി വാഴുകയാണ് പതിവ്. ഇവര്‍ക്കുമുന്നില്‍ വോട്ട് നല്‍കി ജയിപ്പിച്ചു വിട്ട് പൊതുജനം കൂപ്പുകൈകളോടെ നില്‍ക്കേണ്ടിയും വരും. ജനങ്ങള്‍ക്ക് മുന്നില്‍ മാത്രമല്ല ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും ഇത്തരം ചില ജനപ്രതിനിധികള്‍ അവരുടെ അധികാരദുര്‍വിനിയോഗം നടത്താറുണ്ട്. സ്ഥലംമാറ്റവും സസ്‌പെന്‍ഷനുമൊക്കെയായി അതേറ്റ് വാങ്ങേണ്ടി വരുമെന്ന് കളക്ടര്‍ മുതല്‍ ഇങ്ങേയറ്റം തൂപ്പുജോലിക്കാരന് വരെ അറിയാം. അതുകൊണ്ട് പരമാവധി ഇവര്‍ക്ക് വിധേയരായി നില്‍ക്കാനാണ് എല്ലാവരും ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേ നയം തന്നെയാണ്.

ഇപ്പോള്‍ ഇത്തരത്തില്‍ ഗുണ്ടായിസം കൊണ്ട് ഹീറോ ആകാന്‍ ശ്രമിച്ചത് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനാണ്. മൂന്നാര്‍ ട്രിബ്യൂണല്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ ദേവികുളം എംഎല്‍എയും സംഘവും കോടതിമുറി ക്ലാസ് മുറികളാക്കുകയായിരുന്നു. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവ.കോളെജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടിയാണ് ഇവരെത്തിയത്. കെട്ടിടത്തിന്റെ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും അത് കിട്ടാന്‍ കാത്തുനില്‍ക്കാതെ സംഘത്തിലുണ്ടായിരുന്നവര്‍ പൂട്ടുകള്‍ തകര്‍ത്ത് മുറിക്കുള്ളിലെ ഉപകരണങ്ങള്‍ പുറത്തേക്കെറിയുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് എടുക്കുവാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശവും നല്‍കി. ഈ സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും ചിത്രങ്ങളും, വീഡിയോയും മായ്ച്ചുകളയുകയും ചെയ്തു.

എത്ര മനോഹരമായ ഉത്തരവാദിത്ത നിര്‍വഹണം. ഒരു എംഎല്‍എ പെരുമാറേണ്ടത് ഇങ്ങനെതന്നെയാകണം. അതുകൊണ്ടും തീരുന്നില്ല ജനാധിപത്യവ്യവസ്ഥയിലെ രാഷ്ട്രീയക്കാരുടെ നീതിനിര്‍വഹണം. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്‌ഐ കെ ജെ വര്‍ഗീസിന് രായ്ക്ക് രാമാനം സ്ഥലമാറ്റവും വാങ്ങിനല്‍കി. ട്രീബൂണല്‍ കോടതി മുറിയിലേക്ക് അതിക്രമിച്ചു കയറിയ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ ്പ്രകാരം കേസ് ചാര്‍ജ് ചെയ്തതിനാണ് പ്രതികാര നടപടിയാണ് സ്ഥലമാറ്റമെന്നാണ് അറിയുന്നത്. ഇതിനേക്കാള്‍ വിചിത്രം ഈ എസ്‌ഐയെ പിന്തുതുണയ്ക്കാന്‍ സ്വന്തം ഡിപ്പാര്‍ട്ട് മെന്റിലെ ഉദ്യോഗസ്ഥരുമില്ല എന്നതാണ്. എസ്‌ഐയുടെ വീടിനടുത്തേക്ക് അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം സ്ഥലംമാറ്റം നല്‍കുകയായിരുന്നെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. ജനം ഇതൊക്കെ വിശ്വസിക്കുമെങ്കില്‍ വിശ്വസിക്കട്ടെ. ഇനി സത്യം എന്തായാലും അത് സത്യമായി പുറത്തുപറയാന്‍ ആ എസ്‌ഐ സാര്‍ വരുമെന്ന് കരുതേണ്ട.

സ്ഥലംമാറ്റം ശിക്ഷാനടപടിയല്ലെങ്കില്‍ തന്നെ ദേവികുളം എംഎല്‍എയുടെ ‘മര്യാദപൂര്‍വ്വ’മായ പെരുമാറ്റരീതി ചര്‍ച്ച ചെയ്യപ്പെടാതിരിക്കില്ലല്ലോ. അല്ലെങ്കിലും ഇടുക്കിയില്‍ നിന്നുള്ള ചില എംഎല്‍എമാര്‍ ഗുണ്ടായിസത്തിലൂടെയും കയ്യാംകളിയിലൂടെയും അസഭ്യവര്‍ഷത്തിലൂടെയും അവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത പലപ്പോഴും തെളിയfച്ചവരാണല്ലോ. കോടതി ക്ലാസ് മുറിയാക്കുമ്പോള്‍ പാലിക്കേണ്ട ചില മിനിമം മര്യാദകള്‍ പൂര്‍ത്തിയാകുന്നതുവരെ എസ് രാജേന്ദ്ര് ക്ഷമിക്കാമായിരുന്നു. ഇവിടെ നിന്നുള്ള ഫയലുകള്‍ നീക്കുന്ന നടപടികള്‍ നടക്കുന്നതിനാലാണ് കെട്ടിടം വിട്ടു നല്‍കാനാകാഞ്ഞതെന്നാണ് ഇതുമായി ബന്്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ആ പണി പൂര്‍ത്തിയാകാന്‍ ക്ഷമ കാണിക്കുന്നതിന് പകരം അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ജീവനക്കാരനെ പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നത് എംഎല്‍എയ്‌ക്കെന്നല്ല ഒരു വ്യക്തിക്കും ചേരുന്ന നടപടിയല്ല.

വിവേകമില്ലാതെ പ്രവര്‍ത്തിക്കുകയും പ്രതികാര ബുദ്ധിയോടെ കാര്യങ്ങളെ കാണുകയും ചെയ്യുന്നവരാകരുത് ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍. വിപരീത സന്ദര്‍ഭങ്ങളില്‍ ജനങ്ങളുടെ വികാരം മനസിലാക്കി അവരെ സമാധാനിപ്പിച്ച് കൂടെ നിര്‍ത്തേണ്ടവര്‍ സ്വയം ഗുണ്ടകളാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. അണികള്‍ക്കും ജനങ്ങള്‍ക്കും എത്ര തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. നീതിയും നിയമവും മുഖം നോക്കാതെ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍. അങ്ങനെ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയും മുള്‍മുനയില്‍ നിര്‍ത്തിച്ചും നീതിനിര്‍വഹണം തടസ്സപ്പെടുത്തുന്നത് ഗൗരവമുള്ള കുറ്റമാണ്.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനപ്രതിനിധികളില്‍ അധികവും ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരോട് പെരുമാറുന്ന രീതി അവരുടെ പദവിക്ക് യോജിക്കാത്തതാണ്. ജനങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചും തൊഴുതും കാലില്‍ വീണും നേടിയ വോട്ടുകളാണ് അധികാരവും കസേരയും പദവിയുമൊക്കെ സമ്മാനിച്ചതെന്ന് മറക്കരുത്. അത് എന്നേക്കുമായുള്ളതല്ല, തെരഞ്ഞെടുക്കപ്പെടുന്നവരെല്ലാം അഞ്ച് വര്‍ഷം തികച്ചു കൊള്ളണമെന്നുമില്ല. അഥവാ തികച്ചാലും ഇനി ഒരു തവണ കൂടി അത് കിട്ടണമെങ്കില്‍ പാലിക്കേണ്ട ചില മര്യാദകളും ഉത്തരവാദിത്തങ്ങളുമുണ്ട്. അതെന്തൊക്കെയാണെന്് ഇടയ്ക്ക് ഓര്‍മ്മിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം. ജനത്തിന് ഒരു തെറ്റ് പറ്റിയേക്കും. പക്ഷേ എപ്പോഴും അത് ആവര്‍ത്തിക്കണമെന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button