Latest NewsKerala

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് റിമാൻഡ് റിപ്പോർട്ട് , ബിഷപ്പിനെതിരെ കൂടുതല്‍ ബലാത്സംഗ പരാതികള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് കന്യാസ്ത്രീ പീഡനത്തിന് ഇരയായതെന്ന് തെളിഞ്ഞത്. അറസ്റ്റിലായ ബിഷപ്പിനെ ഇന്ന് പാലായിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അദ്ദേഹത്തിനെ കോടതി 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ പരാതിക്കാരി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സങ്കടങ്ങള്‍ ബിഷപ്പിനോട് പറയാനെന്ന പേരിലാണ് വിളിപ്പിച്ചിരുന്നത്. 2014ല്‍ ഈ സംഭവം നടക്കുമ്പോള്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പൊലീസ് കണ്ടെടുക്കേണ്ടതുണ്ട് . അതുപോലെതന്നെ ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കണം. ഡിഎന്‍എ സാമ്പിള്‍ എടുക്കേണ്ടതുണ്ട്.

ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കന്യാസ്ത്രീകള്‍ ബിഷപ്പിനൊപ്പം രാത്രി ഒരു മണിക്കൂര്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇടയനൊപ്പം ഒരുദിനത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.ഭീഷണി കാരണമാണു കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണു പരാതി നല്‍കാന്‍ കന്യാസ്ത്രീ തയാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-16 കാലയളവില്‍ 13 തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണു കന്യാസ്ത്രീയുടെ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തത്.തന്റെ രക്തവും ഉമിനീരും ബലം പ്രയോഗിച്ച്‌ എടുത്തെന്ന് ബിഷപ്പ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ ബിഷപ്പിനെതിരെ കൂടുതല്‍ ബലാത്സംഗ പരാതികള്‍ പോലീസിന് ലഭിച്ചു. കേരളത്തിലും ജലന്ധറിലുമായാണ് പീഡനങ്ങള്‍ നടന്നതെന്നും പരാതികളില്‍ പറയുന്നു. പരാതികള്‍ ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറിയിട്ടുണ്ട്. ജലന്ധറിലെ പീഡന പരാതി പഞ്ചാബ് പോലീസിനും കൈമാറുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button