മാനന്തവാടി: വയനാട്ടില്‍ ഉരുള്‍പൊട്ടലും പ്രളയവും ഉണ്ടായ മേഖലകളില്‍ മാവോയിസ്റ്റുകള്‍ സാന്നിധ്യം ഉറപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടലില്‍ പുനരധിവസിപ്പിക്കപ്പെട്ട വീടുകളില്‍ നാലംഗ മാവോവാദികളെത്തി. രാത്രി ഏഴര മണിയോടെയാണ് പ്രിയദര്‍ശിനി എസ്‌റ്റേറ്റിലെ ഒന്‍പതാം നമ്പര്‍ പാടിയില്‍ മാവോവാദികളെത്തിയത്.
എന്നാല്‍ മാവോവാദി സാന്നിധ്യം പോലീസ് സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. കൂടാതെ മാവോസംഘമെത്തിയതറിഞ്ഞ് പോലീസ് പാടികളിലെത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും കേസ്സെടുത്തിട്ടില്ല.കഴിഞ്ഞദിവസമാണ് തലപ്പുഴ ചുങ്കത്ത് സ്ത്രീ ഉള്‍പ്പെടെ ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘമെത്തി മുദ്രാവാക്യം വിളിക്കുകയും വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്.
പ്രളയം നേരിടുന്നതില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായെന്നും സന്നദ്ധസംഘടനകളുടെ ഇടപെടലുകളാണ് ദുരിതമകറ്റിയതെന്നും പോസ്റ്ററുകളില്‍ എഴുതിയിരുന്നു. ഇത് സംബന്ധിച്ച് പോലീസ് യുഎപിഎ പ്രകാരം കേസ്സെടുത്തിരുന്നു. എന്നാല്‍ പഞ്ചാരക്കൊല്ലിയിലെ സംഭവത്തില്‍ പോലീസ് കേസ്സെടുത്തിട്ടുമില്ല.കഴിഞ്ഞ മാസം 16ന് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
ഈ കുടുംബങ്ങളെ പ്രിയദര്‍ശിനി എസ്‌റ്റേറ്റിലെ രണ്ട് പാടികളിലായിട്ടാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. ഇവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നതുകൂടാതെ വളര്‍ത്തുമൃഗങ്ങളും മണ്ണിനടിയിലായിരുന്നു. ഇത്തരം സാഹചര്യത്തിലാണ് കഴിഞ്ഞദിവസം നാലംഗ മാവോസംഘം പാടിയിലെത്തിയത്. സംഘം രണ്ട് കുടുംബങ്ങളില്‍നിന്ന് നിലവിലെ സാഹചര്യങ്ങളെകുറിച്ച് ചോദിച്ചറിയുകയായിരുന്നു.
Post Your Comments