നേമം: സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിച്ച പ്രതി പിടിയില്‍. നേമം ശാന്തിവിള കുരുമി പരമേശ്വരം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആര്.കെ. മേനോന് എന്നറിയപ്പെടുന്ന രാധാകൃഷ്ണ മേനോ(58) നെയാണ് അറസ്റ്റുചെയ്തത്. ഇയാള്‍ ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയാണ്. തമിഴ് സിനിമയില്‍ നായക വേഷം നല്‍കാമെന്ന് പറഞ്ഞ് യുവാവിന്റെ കയ്യില്‍ നിന്ന് പലപ്പോഴായി 22 ലക്ഷം രൂപ കൈകലാക്കിയെന്നാണ് പരാതി.
ചെന്നൈ രാമപുരം നടേശന് നഗറില്‍ താമസിക്കുന്ന ശിവയുടെ പരാതിയെ തുടര്‍ന്നാണ് നേമം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെന്നൈയിലുള്ള ആര്.കെ. ഫിലിംസിന്റെ ഓഫീസിലും തിരുവനന്തപുരത്തും വെച്ച് പല തവണകളായി ശിവയുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയതായി പോലീസ് പറഞ്ഞു. എന്നാല്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ പണം തിരികെ ചോദിച്ചപ്പോള്‍ കരാര്‍ എഴുതികൊടുത്ത ശേഷം പ്രതി മുങ്ങുകയായിരുന്നു.
ആര്.കെ. ഫിലിംസ് എന്ന പേരില്‍ നിരവധി സ്ഥാപനങ്ങളാണ് രാധാകൃഷ്ണന് ചെന്നൈയിലും എറണാകുളത്തും നടത്തിയിരുന്നത്. ഇതിന്റെ മറവിലാണ് പ്രതി തട്ടിപ്പുകള്‍ നടത്തിയിരുന്നത്. 2008 മുതല്‍ നിരവധി പേര് തട്ടിപ്പിനിരയായിട്ടുണ്ട്. അന്വേഷണം നടക്കുന്നതറിഞ്ഞ് ഇയാള്‍ മൊബൈല്‍ ഫോണ്‍ നന്പറുകള്‍ മാറ്റി മാറ്റി ഉപയോഗിച്ചിരുന്നു. പിന്നീട് ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments