KeralaLatest News

ബിഷപ്പ് ഫ്രാങ്കോയെ വീഴ്ത്തിയത് ആ മൂന്ന് ചോദ്യങ്ങള്‍ : മാമോദീസ ദിവസത്തെ കാര്യങ്ങളും ബിഷപ്പിനെ വെട്ടിലാക്കി

കൊച്ചി : ബിഷപ്പ് ഫ്രാങ്കോയെ വീഴ്ത്തിയത് ആ മൂന്ന് ചോദ്യങ്ങള്‍ മാത്രം. മാമോദീസാ ദിവസത്തെ കാര്യങ്ങളും ബിഷപ്പിനെ വെട്ടിലാക്കി.

ആദ്യ ദിവസം 7 മണിക്കൂറും രണ്ടാം ദിവസം 8 മണിക്കൂറും ചോദ്യം ചെയ്തിട്ടും ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ കടന്നിരുന്നില്ല. എന്നാല്‍ ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ തന്നെ പൊലീസിന് കാര്യങ്ങള്‍ വ്യക്തമായി കഴിഞ്ഞിരുന്നു.

മൊഴികളില്‍ പരമാവധി വ്യക്തത വരുത്തിയ ശേഷം അറസ്റ്റിലേക്ക് കടക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. അതാണ് അറസ്റ്റ് വൈകാന്‍ കാരണമായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ ബിഷപ്പിനെ അക്ഷരാര്‍ത്ഥത്തില്‍ വെളളം കുടിപ്പിച്ചിട്ടുണ്ട്. മൂന്ന് ചോദ്യങ്ങളാണ് ബിഷപ്പിനെ ശരിക്കും ഉത്തരം മുട്ടിച്ചത്.

കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ചു എന്ന് പറയുന്ന ദിവസം കുറുവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല എന്നാണ് ആദ്യം ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പിന്റെ പേരുള്ളത് പോലീസ് ചൂണ്ടിക്കാട്ടിയതോടെ ഉത്തരം മുട്ടിയ ഫ്രാങ്കോ താനവിടെ പോയെന്നും പക്ഷേ താമസിച്ചില്ലെന്നുമായിരുന്നു മൊഴി നല്‍കിയത്.

അന്നേ ദിവസം കുറുവിലങ്ങാട് മഠത്തില്‍ അല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചത് എന്നായിരുന്നു പിന്നെ ബിഷപ്പ് പറഞ്ഞത്. എന്നാല്‍ മുതലക്കോട് മഠത്തില്‍ ബിഷപ്പ് താമസിച്ചതിന് സന്ദര്‍ശക രേഖകളില്ല. ഈ തെളിവ് കാട്ടിയതോടെ ബിഷപ്പിന് വീണ്ടും മിണ്ടാട്ടം മുട്ടി. മാത്രമല്ല കാര്‍ ഡ്രൈവറുടെ മൊഴിയും ബിഷപ്പിന് എതിരാണ്.

പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം കന്യാസ്ത്രീയും താനും ഒരുമിച്ച് പങ്കെടുത്ത മാമോദീസ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാട്ടിയും ഫ്രാങ്കോ വാദിച്ചു. പീഡനത്തിനിരയായെന്ന് പറയുന്ന കന്യാസ്ത്രി പിറ്റേന്ന് പരിപാടിയില്‍ പങ്കെടുക്കുന്നത് എങ്ങനെയെന്നും ഫ്രാങ്കോ ചോദിച്ചിരുന്നു. എന്നാല്‍, ആ ദൃശ്യങ്ങളിലെല്ലാം കന്യാസ്ത്രീയുടെ മുഖത്ത് വിഷമം വ്യക്തമാണ്. മാത്രമല്ല ആ ചടങ്ങില്‍ കന്യാസ്ത്രീ നിശബ്ദ ആയിരുന്നുവെന്നും കരഞ്ഞുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയതും ചൂണ്ടിക്കാട്ടിയതോടെ ബിഷപ്പ് നിരായുധനായി.

കന്യാസ്ത്രീയുടെ ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനായിരുന്നു ബിഷപ്പിനെ ക്ഷണിച്ചത്. ബിഷപ്പുമാര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന പതിവ് ഇല്ലാത്തത് കൊണ്ട് കന്യാസ്ത്രീ മടിയോടെയാണ് ഫ്രാങ്കോയോട് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ബിഷപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു.

ചടങ്ങിന്റെ തലേദിവസം രാത്രി മഠത്തിലെത്തിയ ബിഷപ്പ് താമസിച്ചത് അതിഥി മുറിയില്‍ ആയിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് രാത്രി ബിഷപ്പ് കന്യാസ്ത്രീയെ മുറിയിലേക്ക് വിളിച്ചു. ഈ സമയത്താണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത്. പീഡനശ്രമത്തിനിടെ ബഹളം വെച്ച കന്യാസ്ത്രീയെ ബിഷപ്പ് ഭീഷണിപ്പെടുത്തി. താന്‍ ഈ സ്ഥാപനത്തിന്റെ അധികാരി ആണെന്നും എതിര്‍ത്താല്‍ എന്ത് ചെയ്യാനും മടിക്കില്ലെന്നും ഭീഷണി മുഴക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button