തിരൂര്‍: വിറ്റ് പോകാതെ ബാക്കി വന്ന ടിക്കറ്റിന് കിട്ടിയത് 50 ലക്ഷം. സ്വദേശി തോട്ടക്കണ്ണി ഹംസ്സയെ (55) ഭാഗ്യം കടാക്ഷിച്ചത് കേരള ലോട്ടറി ഓണം ബമ്പറിന്‍റെ രണ്ടാം സമ്മാനമായ 50 ലക്ഷം. ഒട്ടും പ്രതീക്ഷിക്കാതെയാണ് ലോട്ടറി കച്ചവടക്കാരനായ ഹംസയെ ഭാഗ്യം തേടിയെത്തിയത്.
തിരൂരിലെ ലോട്ടറി ഏജന്‍സിയായ കെ എസില്‍ നിന്നാണ് ഓണം ബമ്പറിന്റെ നാല് ബുക്കുകള്‍ ഹംസ വാങ്ങിക്കുന്നത്. തുടര്‍ന്ന്, ഒരു ടിക്കറ്റ് മാത്രം ബാക്കിയായി. തന്റെ 250 നഷ്ടപ്പെടുമോ എന്ന തോന്നലില്‍ പല സ്ഥലങ്ങളിലും പല ആളുകളിലേക്കും ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവില്‍ തന്റെ കൂടെ പങ്കാളിയായി ടിക്കറ്റെടുക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞുവെങ്കിലും അതും നടന്നില്ല. എന്നാല്‍ ആ ടിക്കറ്റിന് തന്നെ രണ്ടാം സമ്മാനം അടിച്ചപ്പോള്‍ ഏറെ ആഹ്ലാദത്തിലാണ് ഹംസ. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ ഒരു വീട് നിര്‍മ്മിക്കണം എന്നതു തന്നെയാണ് ഹംസയുടെ സ്വപ്നം.
മുത്തൂര്‍ റെയില്‍വേ ഗേറ്റിനടുത്ത വാടക മുറിയിലാണ് താമസം. ഉണ്ണിയാല്‍ സ്വദേശിനിയായ റജീനയാണ് ഭാര്യ. ജീവിത അഭിലാഷമായ വീട് ഒരുക്കാനുള്ള ആഗ്രഹത്തിലാണ് ഹംസയും കുടുംബവും.
Post Your Comments