Latest NewsEditorial

മുല്ലപ്പള്ളിക്കാകുമോ വിഭാഗീയതയുടെ മഹാമേരുക്കള്‍ ഉടച്ചുനികത്താന്‍

ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാന്‍ നടത്തിയ 'വോട്ടെടുപ്പില്‍' പലരും ഗ്രൂപ്പ് താല്‍പര്യമനുസരിച്ചുള്ള പേരുകള്‍ അറിയിച്ചപ്പോള്‍ മുന്നിലെത്തിയതു വി.ഡി.സതീശന്‍, ബെന്നി ബഹനാന്‍, കെ.സുധാകരന്‍ എന്നിവരാണെന്നാണ് റിപ്പോര്‍ട്ട്

കേരള കോണ്‍ഗ്രസിന് സര്‍വ്വസമ്മതനായ ഒരു അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിയല്ല സാക്ഷാത് ഇന്ദിരാജി വിചാരിച്ചാല്‍ പോലും നടക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയോഗിച്ചത്. പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂലമായതായാണ് അദ്ദേഹം അധ്യക്ഷസ്ഥാനത്തെത്തിയത്. സാധാരണ ഇടഞ്ഞുനില്‍ക്കാറുള്ള എ ഗ്രൂപ്പും മുല്ലപ്പള്ളിയുടെ കാര്യത്തില്‍ അയഞ്ഞതോടെ കാര്യങ്ങള്‍ സുഗമമാകുകയായിരുന്നു. അതേസമയം ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാന്‍ നടത്തിയ ‘വോട്ടെടുപ്പില്‍’ പലരും ഗ്രൂപ്പ് താല്‍പര്യമനുസരിച്ചുള്ള പേരുകള്‍ അറിയിച്ചപ്പോള്‍ മുന്നിലെത്തിയതു വി.ഡി.സതീശന്‍, ബെന്നി ബഹനാന്‍, കെ.സുധാകരന്‍ എന്നിവരാണെന്നാണ് റിപ്പോര്‍ട്ട്. കെ.വി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.മുരളീധരന്‍ തുടങ്ങിയവരാണ് പരിഗണനാപ്പട്ടികയിലുണ്ടായിരുന്നവര്‍.

Vd Satheeshan

സംശുദ്ധരാഷ്ട്രീയക്കാരനെന്ന പ്രതിഛായയും കേന്ദ്ര നേതൃത്വത്തിന് അഭിമതനെന്ന ലേബലും മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂലമായി. ഉമ്മന്‍ചാണ്ടി എ കെ ആന്റണി രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമാണ് മുല്ലപ്പള്ളിയെ സുപ്രധാനദൗത്യം ഏല്‍പ്പിക്കാന്‍ ധാരണയായത്. അതേസമയം പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ അതൃപ്തിയുമായി കെ സുധാകര പക്ഷം രംഗത്തെത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അടക്കം പുതിയ നേതൃത്വത്തിനെതിരെ ഇവര്‍ രംഗത്ത് വന്നിട്ടുണ്ട്. കെ സുധാകരന്‍ സ്വയം തന്നെയും പരോക്ഷമായെങ്കിലും അതൃപ്തി അറിയിച്ചതോടെ പാര്‍ട്ടിയിലെ വിഭാഗീയത പിന്നെയും ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. കെപിസിസി അധ്യക്ഷസ്ഥാനം കെ സുധാകരനും അനുയായികളും സ്വപ്നം കണ്ടിരുന്നതായതിനാലാവാം ഈ അതൃപ്തി.

SUDHAKARAN

ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മുക്തി നേടാതെ ഏത് നേതാവെത്തിയാലും ഇനിയുള്ള കാലം കോണ്‍ഗ്രസിന് രക്ഷയില്ല. പാര്‍ട്ടിക്കുള്ളിലെ അധികാര വടംവലിയാണ് കാലങ്ങളായുള്ള സംഘടനാ ദൗര്‍ബല്യത്തിന്റെ മൂല കാരണം. അതിന് അവസാനം വരുത്താന്‍ കഴിവുള്ള ഒരു നേതാവ് സംസ്ഥാന നേതൃത്വത്തില്‍ മാത്രമല്ല കേന്ദ്രനേതൃത്വത്തിലും ഇല്ല എന്നതാണ് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം. 1998 ന് ശേഷം രാജ്യവ്യാപക സംഘടനാ തെരഞ്ഞെടുപ്പ് വഴി ഒരു ഉടച്ചുവാര്‍ക്കല്‍ പരീക്ഷണം നടത്തിയതാണ് കോണ്‍ഗ്രസ്. ബിജെപി മുന്നേറ്റത്തിന് തടയിട്ട് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം തിരികെപ്പിടിക്കാന് സംഘടനയെ ചലനാത്മമാക്കുന്ന ആ കര്‍മ്മ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. ആ പ്രവര്‍ത്തന മികവും കെപിസിസിയുടെ അമരത്ത് എത്താന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് വി,എം സുധീരനെത്തിയപ്പോള്‍ പാര്‍ട്ടി അനുയായികള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സുധീരനെ വെട്ടിവീഴ്ത്താന്‍ എ ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായ നീക്കമാണ് നടത്തിയത്. ഈ ഗൂഢതന്ത്രങ്ങള്‍ മനസിലായിട്ടും രാഹുലിന് അവരുടെ മുന്നില്‍ പരാജയം സമ്മതിച്ച് സുധീരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നത് നാം കണ്ടതാണ്. ഗ്രൂപ്പുകളെ പൂര്‍ണമായി ഒഴിവാക്കി കേരളത്തില്‍ കോണ്‍ഗ്രസ് ഉടച്ചുവാര്‍ക്കാമെന്ന് രാഹുല്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതിന്റെ റിസള്‍ട്ട് കാത്തിരുന്ന് കാണാം. കോണ്ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന എകെ ആന്റണിയുടെ നിലപാടിന് പ്രസക്തിയുണ്ട്. ഏറെക്കൂറെ കേന്ദ്രനേതൃത്വം അതിനൊപ്പമുണ്ട് താനും. എങ്കിലും ഗ്രൂപ്പില്ലാതെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് എന്നേ മാറിക്കഴിഞ്ഞതാണ്.

ഗ്രൂപ്പുകള്‍ക്ക് അതീതമായി കഴിവുറ്റ നേതൃനിരയെ സൃഷ്ടിക്കാനുള്ള കഴിവും പ്രാപ്തിയും തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി മുല്ലപ്പള്ളി രാമചന്ദ്രനാണ്. ജനങ്ങളുടെയോ പാര്‍ട്ടിയുടെയോ ക്ഷേമത്തിന് വേണ്ടിയല്ല മിക്ക നേതാക്കളും നിലകൊള്ളുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസിന് ആ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കര്‍മ്മശേഷിയുള്ള നേതൃനിരയും ചലനാത്മകമായ സംഘടനാ സംവിധാനവും ജനഹിതമനുസരിച്ചുള്ള പ്രവര്ത്തന രീതിയുമാണ് ആവശ്യം. പാര്ട്ടിയിലെ ഗ്രൂപ്പ് വടംവലിയും അധികാരത്തര്‍ക്കവും എക്കാലവും സംഘടനയെ ദുര്‍ബലപ്പെടുത്തുക മാത്രമേയുള്ളു. ഇതൊക്കെ മനസിലാക്കി പ്രവര്‍ത്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് പുതിയ അധ്യക്ഷനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button