കഴക്കൂട്ടം: അക്രമിസംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ആട്ടോ ഡ്രൈവര്‍ മരിച്ചു. ചെമ്പഴന്തി അണിയൂരില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പോത്തന്‍കോട് ആട്ടോ സ്റ്റാന്റിലെ ഡ്രൈവറായ അണ്ടൂര്‍കോണം കെ.എസ്.ഇ.ബി ഓഫീസിന് സമീപം ചേമ്പാല ശ്യാമളാലയം അനീഷ് ബാബുവാണ് (35)മരിച്ചത്. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അണിയൂരില്‍ വച്ച് അനീഷും ഒരാളുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അനീഷിനെ ഏതാനുംപേര്‍ പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. മര്‍ദ്ദനമേറ്റ അനീഷ്ബാബു പിന്നീട് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. . അടിവയറില്‍ മുനയുള്ള ഏതോ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ അനീഷ് ബാബുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments