കോവളം : വീടും വസ്തുവും ബാങ്ക് ജപ്തി ചെയ്തതിനാൽ വികലാംഗനും കുടുംബവും പെരുവഴിയിൽ. ചെറുമകളുടെ വിവാഹാവശ്യത്തിനെടുത്ത വായ്പത്തുക തിരികെ അടയ്ക്കാത്തതിനെത്തുടർന്നാണ് ബാങ്ക് നടപടിയെടുത്തത്. അംഗവൈകല്യമുള്ള വണ്ടിത്തടം പുതുവൽ പുത്തൻവീട്ടിൽ ദിവാകരൻ(80) ഭാര്യ അംബിക മകന്റെ ഭാര്യയും രണ്ടു മക്കളുമടക്കമുള്ള കുടുംബത്തിനാണ് തലചായ്ക്കാനിടം നഷ്ടമായത്.
ഇന്നലെ ഉച്ചയോടെ എത്തിയ ബാങ്ക് അധികൃതർ പാകംചെയ്ത ഭക്ഷണംപോലും എടുക്കാനനുവദിക്കാതെയാണ് വീടുപൂട്ടി സീൽ വച്ചതെന്നു ദിവാകരൻ പറഞ്ഞു. മാറിയുടുക്കാനുള്ള വസ്ത്രവും എടുക്കാനായിട്ടില്ല. ചെറുമകളുടെ വിവാഹാവശ്യത്തിനായി നാലു വർഷം മുൻപു കരമനയിലെ ബാങ്കിൽനിന്നെടുത്ത അഞ്ചുലക്ഷം രൂപയുടെ ബാധ്യതയാണ് കുടുംബത്തെ തെരുവിലാക്കിയത്.
രണ്ടര ലക്ഷത്തോളം രൂപ തിരികെ അടച്ചുവെന്നും ഇതു കൂടാതെ നാലു ലക്ഷം രൂപ അടയ്ക്കണമെന്ന നിബന്ധന പാലിക്കാത്തതിനെത്തുടർന്നാണു ജപ്തി നടപടിയെന്നും വീട്ടുകാർ പറഞ്ഞു. പണം അടയ്ക്കാൻ 3 മാസത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് അധികൃതർ നൽകിയില്ലെന്നും ദിവാകരൻ പറഞ്ഞു.
Post Your Comments