മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കരപറ്റിക്കുന്നതിനായി സ്തുത്യര്‍ഹ സേവനമാണ് കേരളാ പോലീസ് കാഴചവച്ചത്. മറ്റ് സേനകളൊടൊപ്പം നടത്തിയ ഈ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് സേവന മനോഭാവത്തിന്റെ പുതിയ നാള്‍ വഴികളാണ് സമ്മാനിച്ചത്. കമ്മ്യൂണിറ്റി പോലീസ് എന്തെന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇവരുടെ രക്ഷാപ്രവര്‍ത്തനം. പ്രളയത്തില്‍ കേരള പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് സംസാരിക്കുകയാണ് സംസ്ഥാന പോലീസ് വെല്‍ഫെയര്‍ബ്യൂറോ അംഗമായ ഡി.കെ പൃഥ്വിരാജ്. കെ.പി.ഒ.എ. സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഡി.കെ പൃഥ്വിരാജിന്റെ വാക്കുകളിലേയ്ക്ക്.
കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയത്തില്‍ കേരള പോലീസ് മറ്റ് സേനകളോടൊപ്പം നടത്തിയ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും പോലീസിന്റെ ക്രിയാത്മകമായ സേവനങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ സമൂഹത്തിന് നല്‍കി എന്ന് പ്രതികരണങ്ങള്‍ തെളിയിക്കുന്നു.
പ്രളയത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ ഉള്‍പ്രേരണയാല്‍ സവിശേഷ സാഹചര്യമനുസരിച്ച് അന്‍പത്തിഅയ്യായിരത്തിലധികം വരുന്ന കേരള പോലീസ് സേനാംഗങ്ങള്‍ റാങ്കുകള്‍ക്കും പദവികള്‍ക്കുമപ്പുറം അടിമുടി സേവനസന്നദ്ധരായി ഇറങ്ങി. ക്രമസമാധാനപ്രശ്‌നങ്ങളില്‍ മാത്രമല്ല ഇത്തരം ദുരന്തഘട്ടങ്ങളിലും മുന്നിട്ടിറങ്ങേണ്ടത് തങ്ങളാണെന്ന് കമ്യൂണിറ്റി പോലീസ് എന്ന തത്ത്വത്തിലൂടെ ഓരോ പോലീസ് ഉദ്യോഗസ്ഥനും ഹൃദിസ്ഥമാക്കിയിരിക്കുന്നു. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മലപ്പുറത്തുനിന്നുമൊക്കെ വള്ളങ്ങള്‍ ലോറിയില്‍ കയറ്റി ദുരന്ത മേഖലകളിലേക്ക് അയക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ഉത്തരവിനുപോലും കാത്തുനിന്നില്ല. കടലോരജാഗ്രതാസമിതിയിലൂടെ മത്സ്യത്തൊഴിലാളികളുമായി ഉണ്ടാക്കിയ ബന്ധം വലിയ നേട്ടമുണ്ടാക്കി.
55,000 പേരെ നേരിട്ടും ഒരു ലക്ഷം പേരെ നാട്ടുകാരുടെ സഹായത്തോടുകൂടിയും രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റാനായി. പോലീസ് ഉദ്യോഗസ്ഥരില്‍ പലരുടെയും വീടുകള്‍ അപ്പോഴേക്കും തകര്‍ന്നുവീണിരുന്നു. പലരുടെയും കുടുംബങ്ങള്‍ വെള്ളം കയറിയ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ആയിരുന്നു. അതൊന്നും ബാധിക്കാതെ ചുട്ടിത്തോര്‍ത്തും ഉടുത്തുകൊണ്ട് പ്രളയവാരിധിക്ക് നടുവില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അത് കൊണ്ടാണല്ലോ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി യു.എന്‍. ദുരന്തനിവാരണവിഭാഗത്തിലെ ഉദ്യോഗസ്ഥനായ മുരളി തുമ്മാരകുടി തന്നെ കേരളപോലീസിന്റെ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ജനമൈത്രി പദ്ധതി മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും നടപ്പാക്കിയതിന്റെ ഗുണം കണ്ടു. ഏത് ആപത് ഘട്ടത്തിലും ഏത് സഹായത്തിനുമായി സമീപിക്കാവുന്ന ഒരു സന്നദ്ധസേനയായി അത് മാറി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ ഇത്തരം ദുരന്തകാലഘട്ടങ്ങളില്‍ രക്ഷാകേന്ദ്രങ്ങളും (Safe house) പ്രവര്‍ത്തനകേന്ദ്രങ്ങളും (Functional Centres) സന്ദേശ വിനിമയ കേന്ദ്രങ്ങളും (Communication Centres) ആയി മാറി. പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഓരോ വീടും ഓരോ വഴികളും നേരിട്ടറിയാവുന്നതുകൊണ്ടാണ് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പോലും കേരള പോലീസിന്എത്തിച്ചേരാന്‍ കഴിഞ്ഞത്.
വളരെ സുസജ്ജമായ ഒരു സാമൂഹിക ഏകോപനം (Community Co-ordination) കേരള പോലീസിന് സാധ്യമായിരിക്കുന്നു. ഇത് ഒരുപക്ഷേ, ലോകത്തൊരിടത്തും ഉണ്ടാവാത്തവിധം അനിതരസാധാരണമാണ് ദുരന്തമുഖങ്ങളില്‍ ആദ്യ ചുമതലക്കാരായി (First Responders) പോലീസിനെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമിനെയും ലോകമാകെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട് നമ്മളോര്‍ക്കേണ്ടത് 2005-ല്‍ കത്രീന കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ പോലീസ് മേധാവി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ട് പോലും ദുരന്തമുഖത്തേക്ക് പോലീസ് സേനാംഗങ്ങള്‍ യഥാവിധം എത്തിയില്ല എന്നത് അന്നാട്ടിലാകെ വിമര്‍ശനത്തിനിടയാക്കിയ സംഭവമാണ്.
ദുരന്തനിവാരണം സംബന്ധിച്ച് പുറത്തിറക്കിയിട്ടുള്ള അടിസ്ഥാന പ്രവര്‍ത്തനരീതി (Standard Operation Procedure) പ്രകാരമുള്ള എല്ലാ നടപടികളും കേരളപോലീസിന് എടുക്കാന്‍ കഴിഞ്ഞു.ദുരിതാശ്വാസകേന്ദ്രങ്ങളില്‍ സുരക്ഷ മാത്രമല്ല അവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാന്‍ ഓരോ പോലീസുകാരനും സന്നദ്ധതയോടെ പ്രവര്‍ത്തിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്നെ ആറന്മുളയിലെയും ചെങ്ങന്നൂരിലെയും വിവിധ ക്യാമ്പുകളില്‍ ഭക്ഷണം വിളമ്പുന്ന രംഗം മതി ഇക്കാര്യം ഓര്‍മിക്കാന്‍. സ്‌കൂളുകളും വിദ്യാര്‍ഥികളുടെ പഠനച്ചെലവും ഏറ്റെടുക്കാന്‍ വിവിധ ജില്ലാ പോലീസ് യൂണിറ്റുകള്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പോലീസുകാരാണ് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ വീടുകള്‍ വാസയോഗ്യമാക്കാനായി എത്തിയത്. ഇപ്പോള്‍ കിണറുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് പോലീസ് സേനാംഗങ്ങള്‍.
ആറന്മുള നീര്‍വിളാകാം പ്രദേശത്ത് കിണര്‍ വൃത്തിയാക്കാനുണ്ടൊ എന്ന് ഉച്ചത്തില്‍ വിളിച്ചുചോദിച്ച് പമ്പുമായി കറങ്ങിനടന്ന തിരുവനന്തപുരത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെക്കണ്ട് നാട്ടുകാര്‍ അതിശയിച്ചു. ഇത് ആയിരക്കണക്കിന് പ്രവര്‍ത്തനങ്ങളില്‍ ഒരു ഉദാഹരണം മാത്രമാണ്. കൂടാതെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ഓരോ മേഖലകളിലും പോലീസ് ഇറങ്ങി. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായും പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും.
Post Your Comments