കൊല്ലം: കേരളത്തെ പിടിച്ചുലച്ച പ്രളയത്തെ തുടര്‍ന്ന് മദ്ധഗതിയിലായ കേരളാ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ ചടയമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജടായു എര്‍ത്ത്സ് സെന്ററിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജടായു എര്‍ത്ത്സ് സെന്റര്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍ണമായും സ്വിറ്റ്സര്‍ലാന്റില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത കേബിള്‍ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശില്‍പ്പവും ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ളൈയിംഗ് ഏര്‍പ്പെടുത്തുന്ന ടൂറിസ്റ്റ് കേന്ദ്രമെന്ന പ്രത്യേകതയും ജടായു എര്‍ത്ത്സ് സെന്ററിന് അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. തെന്മല ഇക്കോ ടൂറിസം കേന്ദ്രവും, ശബരിമല തീര്‍ത്ഥാടന കേന്ദ്രവുമെല്ലാമായി ബന്ധിപ്പിക്കുന്ന ഹെലികോപ്ടര്‍ സര്‍വീസ് ജടായു എര്‍ത്ത്സ് സെന്ററില്‍ നിന്ന് ആരംഭിക്കാനാകും.
അതിജീവനത്തിന്റെ പാതയിലാണ് കേരള ടൂറിസം. ശക്തമായ മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍ വഴി കൂടുതല്‍ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് എത്തിക്കാനുള്ള കര്‍മ്മ പദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ട് പോകുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ജടായു അടക്കമുള്ള പുതിയ ടൂറിസം ഉത്പന്നങ്ങളും, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളും കേരള ടൂറിസത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണ പരിപാടികളില്‍ ഉപയോഗിക്കും. കഴിഞ്ഞ മാസം ജനങ്ങള്‍ക്കായി ഉദ്ഘാടനം കൂടാതെ തുറന്നു നല്‍കിയ ജടായു എര്‍ത്ത്സ് സെന്റര്‍ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ സഞ്ചാരികളുടെ ഇഷ്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഒരു പതിറ്റാണ്ടിലേറേ കാലം ജടായു ശില്‍പ്പ നിര്‍മ്മാണത്തിനും, ടൂറിസം കേന്ദ്രം സജ്ജമാക്കുന്നതിനുമായി ശ്രദ്ധ കേന്ദ്രീകരിച്ച ശില്‍പ്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലിനെ കേരള ജനതയ്ക്ക് വേണ്ടി അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്രകാരന്‍ രാജീവ് അഞ്ചല്‍ വിഭാവനം ചെയ്ത ടൂറിസം പദ്ധതിയില്‍ കേബിള്‍ കാര്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, ഹെലികോപ്റ്റര്‍ സൗകര്യം എന്നിവ ഉള്‍പ്പെടുന്നു. പ്രധാന ആകര്‍ഷണമായ ജടായുപ്പാറയിലെ പക്ഷി ശില്പം ഇതിനോടകം തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ചെങ്കുത്തായ പാറയുടെ മുകളില്‍ എത്തിക്കുന്ന കേബിള്‍ കാറും ശ്രദ്ധാകേന്ദ്രമാണ്.
Post Your Comments