കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്‍മാറിയപ്പോള്‍ മലയാളികള്‍ ഒന്നടങ്കം നിരാശയിലായിരുന്നു. ഇനി ആര് ആ സ്ഥാനത്തേയ്ക്ക് എന്ന് ഉറ്റുനോക്കുന്നതിനിടെയായിരുന്നു ആ പ്രഖ്യാപനം ഉണ്ടായത്. ഇനി കേരള ബ്ലാസ്റ്റേഴ്‌സിനെ നയിക്കുന്നത് തെലുങ്കിലെ സൂപ്പര്‍ താരങ്ങളാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങിയതു തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയും നിര്‍മാതാവ് അല്ലു അരവിന്ദുമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരോടൊപ്പം ഐക്വസ്റ്റ് ഗ്രൂപ്പും കൂടി ചേര്‍ന്നാണ് ഓഹരികള്‍ ഏറ്റെടുത്തതെന്നാണു വിവരം. സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. ഇക്കാര്യം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തള്ളി.
2014-ല്‍ ഐഎസ്എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സഹ ഉടമയായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബ്ലാസ്റ്റേഴ്‌സില്‍ 40 ശതമാനം ഓഹരികളുണ്ടായിരുന്ന സച്ചിന്‍ പിന്നീട് 20 ശതമാനം വില്‍പന നടത്തി. ശേഷിച്ചിരുന്ന 20 ശതമാനം കൂടി കൈമാറിയതോടെ സച്ചിനും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഔദ്യോഗിക ബന്ധം അവസാനിച്ചു.
സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനു ടീമുടമകള്‍ ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നെന്നാണു മാനേജ്‌മെന്റ് അറിയിച്ചത്. എന്നാല്‍ ഇതിനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments