ബംഗളൂരു•ദുബായിലും ഷാര്‍ജയിലും സ്കൂള്‍ ശൃംഖല നടത്തുന്ന വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കൈവശം നിന്നും 3.79 മില്യണ്‍ ദിര്‍ഹവും (ഏകദേശം 7.5 കോടിയോളം ഇന്ത്യന്‍ രൂപ) രേഖകളും തട്ടിമുങ്ങിയ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റിനെ ബംഗളൂരുവില്‍ വച്ച് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ദിരാനഗര്‍ പോലീസില്‍ ദുബായ് ആസ്ഥാനമായ ഐ.ക്യു.ആര്‍.എ ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിലാഷ് റാവു മഗവണ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്നും 12 ലാപ്ടോപ്പുകളും എട്ട് ഡെബിറ്റ് കാര്‍ഡുകളും ഒരു മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തതായി ഐ.ക്യു.ആര്‍.എ ഗ്രൂപ്പ് വക്താവ് അറിയിച്ചു.
അഭിലാഷ് റാവുവും ഐ.ഐ.ടി മദ്രാസില്‍ പഠിക്കുകയായിരുന്ന അഭിലാഷിന്റെ മകനും ചേര്‍ന്ന് വിശ്വസം നേടിയെടുത്ത ശേഷമാണ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി കമ്പനിയില്‍ ചേര്‍ന്നതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. പിന്നീട് ഇയാള്‍ക്ക് സ്വതന്ത്ര പെയ്ഡ് ഡയറക്ടര്‍ (ഗുണനിലവാരം ഉറപ്പുവരുത്തല്‍) ആയി സ്ഥാനക്കയറ്റവും നല്‍കിയിരുന്നു. 2014 നും 2018 നും ഇടയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വേറെ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും കമ്പനിയുടെ പേരിലുള്ള ഫണ്ടുകള്‍ അതിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. കമ്പനിയുടെ പക്കലുള്ള ഡാറ്റകള്‍ ഇയാള്‍ മോഷ്ടിക്കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments