സംസ്ഥാനത്ത് പ്രളയത്തിന് ശേഷം ജനങ്ങള്‍ ഉറ്റുനോക്കുന്ന വാര്‍ത്തകളാണ് ജലന്ധര്‍ ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുമോ എന്നുള്ളത്. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഉന്നതരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണാധികാരികളുടേയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നാല് വോട്ടിനു വേണ്ടി ആദര്‍ശം ബലി കഴിക്കുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ ഭരണ കക്ഷികള്‍ എന്നു വേണം കരുതാന്‍. ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം, പക്ഷെ സാധാരണക്കാരനും നിയമവും സുരക്ഷയും ശിക്ഷാരീതിയും ഇതുപോലെ തന്നെയായിരിക്കണം. തുല്യത കൊടുത്താ മതി. അല്ലാതെ ചിലര്‍ക്ക് ചില നിയമവും മറ്റ് ചിലര്‍ക്ക് മറ്റ് നിയമവും ആയാല്‍ എങ്ങനെ ജനാധിപത്യ നാടാകും.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകളെല്ലാം നിരത്തിയിട്ടും ഇരയായ കന്യാസ്ത്രീയ്ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. അന്യ സംസ്ഥാനങ്ങളിലെ കന്യാസ്ത്രീകള്‍ക്ക് വേണ്ടി പോലും വാദിക്കുന്ന ന്യായീകരണ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനത്ത് നിന്നും ഒരു കന്യാസ്ത്രീ വിങ്ങിപ്പൊട്ടുന്നത് കാണുന്നില്ലേ? അതോ തുച്ഛമായ വോട്ടുകള്‍ക്ക് വേണ്ടി കന്യാസ്ത്രീ എന്തുവേണെങ്കിലും ചെയ്തു കൊള്ളട്ടേയെന്നാണോ നിലപാട്. വൈദികരില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ട ഈ സ്ത്രീയെ അനുകൂലിച്ച് സംസാരിച്ചാല്‍ സഭാ നേതൃത്വം നിങ്ങള്‍ക്ക് എതിരാകും എന്ന പേടിയോ? ഇടതുപക്ഷ സര്‍ക്കാരിന്റെ തീര്‍ത്തും നിഷ്ക്രിയ മനോഭാവമാണ് കന്യാസ്ത്രീ നല്കിയ പരാതിക്ക് മേല്‍ ഉണ്ടായിട്ടുള്ളത്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇടതുപക്ഷ പാര്‍ട്ടിയും കത്തോലിക്കാ സഭയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറയാം. തീരുമാനങ്ങള്‍ കൈക്കൊള്ളണമെങ്കില്‍ മേല്‍ ഘടകത്തിന് മുന്പില് ഓച്ഛാനിച്ചു നില്‍ക്കണം. എതിര് സ്വരം ഉയര്‍ന്നാല്‍ അവരെ വിമതന്മാരായി മാറ്റി നിര്‍ത്തുന്നതാണ് ഇവരുടെ പാരമ്പര്യം.
പികെ ശശി എംഎല്‍എയ്ക്കെതിരെ പാര്‍ട്ടിയിലുള്ള വനിതാ നേതാവ് തന്നെയാണ് പരാതി നല്‍കിയത്. എന്നാല്‍ എംഎല്‍എ ഇപ്പോഴും യാതൊരു കൂസലുമില്ലാതെ നാട്ടില്‍ വിലസി നടക്കുകയാണ്. യുവതി സിപിഎം നേതൃത്വത്തിന് തന്നെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ പാര്‍ട്ടി ഇരയ്ക്കൊപ്പം നില്ക്കുന്ന കാഴ്ചയല്ല നാം കണ്ടത്. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ യുവതിയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നത്. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വനിതാ വോളണ്ടിയറുടെ ചുമതലയായിരുന്ന യുവതിയോട് അവിടെ വെച്ചാണ് പികെ ശശി മോശമായി പെരുമാറിയതെന്ന് യുവതി പറയുന്നു. വഴങ്ങാതിരുന്ന യുവതിയെ പണം കൊടുത്ത് സ്വാധീനിക്കാനും എംഎല്‍എ ശ്രമിച്ചിരുന്നു. ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഒരു എംഎല്‍എ ഇത്ര വൃത്തിഹീനമായി പെരുമാറുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ നാണക്കേടാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു നേതാവിന് എന്തുമാവാമെന്നോണോ. സാധാരണക്കാരനെ നിയമം പഠിപ്പിക്കാന്‍ നില്ക്കുന്ന കാവലാളന്മാര് എവിടെപ്പോയി എംഎല്‍എയുടെ കാര്യത്തില്‍?
Read Also: ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു; ആശങ്കയോടെ ഈ സംസ്ഥാനം
ജനാധിപത്യത്തെ വെല്ലുവിളിക്കരുത്. എന്തിനും ഏതിനും പ്രതികരിക്കുന്ന ചില രാഷ്ട്രീയ നേതാക്കള്‍ക്ക് വായില്‍ നാവുണ്ടോയെന്ന് തന്നെ കോലിട്ട് കുത്തി നോക്കേണ്ട അവസ്ഥയാണ്. ബിഷപ്പിനേയും എംഎല്‍എയും പോലെയുള്ളവരെ സംരക്ഷിക്കുന്ന ആളുകള്‍ ഒന്നോര്‍ക്കണം, എന്നും നിങ്ങള്‍ക്ക് കുതിര കേറാനുള്ളവരല്ല സാധാരണക്കാര്‍. നിയമം എല്ലാവര്ക്കും ഒരുപോലെയല്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിലൂടെ തന്നെ അവര്‍ നിങ്ങള്‍ക്ക് മറുപടി നല്‍കിയേക്കും.
Post Your Comments