മാവേലിക്കര : മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള അഞ്ചംഗ കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു; വാടക കുടിശ്ശിക നല്‍കിയില്ലെന്ന കാരണത്താലാണ് അഞ്ചംഗ കുടുംബത്തെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടത്. ഒടുവില്‍ ഇവര്‍ അഭയം തേടിയത് റെയില്‍വേ സ്റ്റേഷനില്‍. വെറും മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞും തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ വയോധികയും കാന്‍സര്‍ രോഗിയായ മകനും ഉള്‍പ്പെടുന്ന കുടുംബത്തിനാണ് ഈ യാതന അനുഭവിക്കേണ്ടി വന്നത്. ചെട്ടികുളങ്ങര കൈത വടക്ക് ആനന്ദഭവനത്തില്‍ രാധാകൃഷ്ണന്‍ (52), അമ്മ പൊന്നമ്മ (74), രാധാകൃഷ്ണന്റെ ഭാര്യ രമാദേവി (48), മകള്‍ വാണി (22), വാണിയുടെ മകള്‍ അഭിരാമി (മൂന്ന് മാസം) എന്നിവരാണ് ദിവസങ്ങളായി റെയില്‍വേ സ്റ്റേഷനില്‍ കഴിയുന്നത്.
ഏഴുവര്‍ഷം മുമ്പ്് വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൊന്നമ്മയുടെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി കുടുംബത്തിന് ലക്ഷങ്ങള്‍ ചെലവായി. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. സ്വകാര്യബസ് കണ്ടക്ടറായിരുന്ന മാവേലിക്കര ഇറവങ്കര സ്വദേശിയായിരുന്ന രാധാകൃഷ്ണന് കാന്‍സറും ഹൃദ്രോഗവുമുണ്ട്. പത്തുമിനിറ്റ് നിന്നാല്‍ കാല്‍ കുഴഞ്ഞുവീഴുന്ന അസുഖമുള്ളതിനാല്‍ ജോലി ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം പറഞ്ഞിരിക്കുകയാണ്. രാധാകൃഷ്ണന്റെ ഭാര്യ രമാദേവി തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കാന്റീനില്‍ ജോലിക്കുപോയി ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗം.
read also : വാടകവീട്ടില്‍ നിന്നും പെൺകുട്ടിയെ രാത്രിയില്‍ ഇറക്കിവിട്ടു ; നടപടിയെടുക്കാതെ പോലീസ്
വര്‍ഷങ്ങളായി ചെട്ടികുളങ്ങര മേഖലയിലെ വിവിധ വാടക വീടുകളിലാണ് കുടുംബസമേതം ഇവര്‍ താമസിച്ചിരുന്നത്.ആറുമാസത്തെ വാടക കുടിശികയായതിനെ തുടര്‍ന്നാണ് വാടകവീട്ടില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച കുടുംബത്തെ ഇറക്കിവിട്ടത്. അന്നുരാത്രി അടുത്തുള്ള ഒരുവീട്ടില്‍ അഭയംതേടി. ചൊവ്വാഴ്ച രാവിലെ കുടുംബവുമായി രാധാകൃഷ്ണന്‍ കായംകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെത്തി. പിന്നെ നാലു ദിവസം കായംകുളം റെയില്‍വേസ്റ്റേഷനിലെത്തി.
പലയിടത്തും വാടകവീട് അന്വേഷിച്ചെങ്കിലും ഡിപ്പോസിറ്റ് തുക കൊടുക്കാനില്ലാത്തതിനാല്‍ ലഭിച്ചില്ല.
Post Your Comments