തിരുവനന്തപുരം: ലൈംഗികാരോപണ നിഴലില്‍ നില്‍ക്കുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഎം നിർദ്ദേശം. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് എംഎല്‍എയ്ക്ക് താക്കീത് രൂപേണ നിര്‍ദ്ദേശം നല്‍കിയത്. പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കി ശശി കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ ഇടപെടലുണ്ടായത്. തനിക്കെതിരായ പരാതിയെക്കുറിച്ച് പുറത്തുപറഞ്ഞവര്‍ വിവരദോഷികള്‍ ആണെന്ന് എംഎല്‍എ പറഞ്ഞിരുന്നു.
പരാതിയുണ്ടെന്ന് സ്ഥിരീകരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉദ്ദേശിച്ചായിരുന്ന ശശിയുടെ പരാമര്‍ശമെന്ന വ്യാഖ്യാനമുണ്ടായതോടെ നിലപാട് തിരുത്തുകയും ചെയ്തു.
Post Your Comments