കേരളം ഞെട്ടലോടെയാണ് അടുത്തടുത്ത ദിവസങ്ങളിൽ കേട്ട പിഞ്ചു കുഞ്ഞുങ്ങളുടെ അരും കൊലയുടെ വാർത്ത കേട്ടത്. ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്നതിനിടെ മറ്റൊരാളിൽ നിന്നും ഗർഭം ധരിച്ചെന്ന അപമാനഭാരമാണ് നബീലയെയും, റിൻഷയെയും മാതൃത്വം മരവിച്ച അമ്മമാരിക്കിയത്. ചോരകുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലാൻ ഇവർക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. ഗർഭകാലമത്രയും നാട്ടുകാരിൽ നിന്നും മറച്ച് പിടിച്ചു.
ഒടുവിൽ പിറന്ന് വീണ കുരുന്നുകളുടെ കരച്ചിൽ നാട്ടുകാരുടെ ചെവിയിലെത്താതിരിക്കാൻ കടുംകൈ. നൊന്തുപെറ്റ കുഞ്ഞുങ്ങളെ കൊന്നുതള്ളാൻ ഈ അമ്മമാർക്ക് എങ്ങനെ കഴിഞ്ഞുവെന്നാണ് ഓരോരുത്തരുടെയും ചോദ്യം. ഈ സംഭവളിലെ പ്രതികളായ നബീലയുടെയും റിൻഷയുടെയും മനസ്സിലെന്താണെന്നാണ് കേരളം സമൂഹം ചര്‍ച്ച ചെയ്യുന്നത്. നൊന്തു പെട്ട പിഞ്ച് കുരുന്നുകളേക്കാൾ അവർ വില കൽപ്പിച്ചത് ഇത് പുറത്തറിഞ്ഞാലുള്ള അപമാന ഭാരമാണ്.
മലപ്പുറത്തുണ്ടായത് ഇങ്ങനെ, വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു നബീല. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാകുമെന്ന സഹോദരന്റെ കുറ്റപ്പെടുത്തലിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് നബീലയുടെ മൊഴി. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസെത്തി ഷിഹാബിനെയും നബീലയെയും കസ്റ്റഡിയിലെടുത്തു. അതേസമയം രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നബീലയെ മലപ്പുറത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമാനമായ സംഭവം കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലും അരങ്ങേറിയിരുന്നു. രണ്ട് ദിവസം മാത്രം പ്രായമുളള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു റിന്‍ഷ. മാനഹാനി ഭയന്നായിരുന്നു കൊലപാതകമെന്നായിരുന്നു റിന്‍ഷയുടെ മൊഴി. ജനിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നത് ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.
നാടിനെ നടുക്കിയ ക്രൂരതയില്‍ ബാലുശ്ശേരി നിര്‍മ്മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിന്‍ഷ (24) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചോദ്യം ചെയ്യലിനിടെ വനിതാ പൊലീസിനെ കണ്ടപ്പോള്‍ തന്നെ റിന്‍ഷ എല്ലാം തുറന്ന് പറഞ്ഞു. കുഞ്ഞിനെ കൊല്ലണം എന്നുണ്ടായിരുന്നില്ലെന്നും എന്നാല്‍ കുഞ്ഞിന് ചിലപ്പോള്‍ ഒരു നേരത്തെ ആഹാരം പോലും തനിക്ക് നല്‍കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ റിന്‍ഷ പറഞ്ഞു. കൊലപാതകത്തില്‍ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും റിന്‍ഷ വ്യക്തമാക്കി.
അതേസമയം, കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് റിന്‍ഷ മറുപടി നല്‍കിയില്ല.പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. രാവിലെയാണു നവജാത ശിശുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. റിന്‍ഷയുടെ അമ്മ തന്നെയായിരുന്നു പ്രസവ സമയത്ത് ഒപ്പം ഉണ്ടായിരുന്നത്. രണ്ടു കേസുകളിലും അമ്മമാർ അവിഹിത ഗര്ഭമാണ് ധരിച്ചത്. വൈവാഹിക ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ, ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന സമയത്ത് രക്ഷകനായി അവതരിക്കുന്നവർ ഒരുക്കുന്ന ചതിക്കുഴികൾ.
വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിയുമ്പോഴേക്കും അവൻ സമ്മാനിച്ച ജീവന് നാലഞ്ച് മാസത്തെ വളർച്ചയെത്തിയിട്ടുണ്ടാവും. ആ ഭ്രൂണത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കാതെ വരുമ്പോൾ കടുത്ത പകയും അവജ്ഞയും. എന്നാലും ഒരു ചോദ്യം അവശേഷിക്കുന്നു. ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു. ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കാൻ ആർക്കെങ്കിലും ആകുമോ?.
Post Your Comments