പന്തളം: കേരളചരിത്രത്തിലെ ഒരു കാലത്തും ഇല്ലാത്ത പ്രളയത്തിനു പിന്നിലുള്ള കാരണത്തെ തുറന്നു കാണിയ്ക്കുകയാണ് പന്തളം കൊട്ടാരത്തിലെ മകം തിരുന്നാള്‍ തന്വംഗി തമ്പുരാട്ടി. പ്രളയത്തിനു പിന്നില്‍ അയ്യപ്പകോപമാണെന്ന പ്രചരണത്തിന് ശക്തി പകരുകയാണ് അവര്‍. നൂറു വയസ്സു പൂര്‍ത്തിയാകുന്ന തന്വംഗി തമ്പുട്ടി ഞെട്ടലോടെയാണ് ഇപ്പോഴത്തെ പ്രളയത്തെ നോക്കി കാണുന്നത്. 99 ലെ വെള്ളപ്പൊക്കത്തിനും ഇവര്‍ സാക്ഷിയായിരുന്നു.
യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പാടില്ലെന്നും 41 ദിവസത്തെ ഭജനമിരുന്നു വേണം മല ചവിട്ടാനെന്നും എന്തിനാണ് ഈ ആചാരം തെറ്റിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. ആര്‍ക്കും പമ്പയാറ് കടന്നു പോകാന്‍ കഴിയാത്തതും നിറപുത്തരിക്കും ഓണപൂജക്കും ശബരിമലയില്‍ ശാന്തിക്കാരന്‍ മാത്രമായതും പാലം പോലും മുങ്ങിപ്പോയതുമെല്ലാം അപകട സിഗ്നലായാണ് തമ്പുരാട്ടി കാണുന്നത്. 1979-ലെ വെള്ളപ്പൊക്കത്തില്‍ ശബരിമലയിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നു. 99ലെ വലിയ വെള്ളപ്പൊക്കത്തിലും അതിനു വിഘാതമുണ്ടായിരുന്നില്ലന്നും അവര്‍ ചൂണ്ടിക്കാട്ടി.
1924-ലെ വെള്ളപ്പൊക്കം ഭീകരമായിരുന്നു. മുറ്റം വരെ വെള്ളമെത്തിയപ്പോള്‍ പേടിച്ചു പോയി. ‘പേടിക്കണ്ട’ എന്ന് ആരോ പറഞ്ഞതായി ഉളളില്‍ കേട്ടു. ഇത്തവണയും ആ ഉള്‍വിളി ഉണ്ടായതായും തമ്പുരാട്ടി പറയുന്നു.
ഏറ്റവും അവസാനം ശബരിമലയില്‍ നടന്ന ദേവപ്രശ്നത്തിലും പമ്പയാറ് ഗതിമാറി ഒഴുകുമെന്ന് കണ്ടിരുന്നുവെന്നും അതിന് പരിഹാരമായി പൂജകള്‍ ചെയ്തിരുന്നുവെങ്കിലും ഈ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല . . . ആശങ്ക പങ്കുവച്ച് തന്വംഗി പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അയ്യപ്പകോപമാണ് പ്രളയത്തിനു കാരണമെന്ന് റിസര്‍വ്വ് ബാങ്ക് സെന്റര്‍ ബോര്‍ഡ് അംഗവും പാര്‍ട്ട് ടൈം ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തി അടക്കമുള്ളവര്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് ആശങ്ക വെളിപ്പെടുത്തി പന്തളം കൊട്ടാരത്തിലെ തമ്പുരാട്ടി തന്നെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.
Post Your Comments