Kerala

മീന്‍ ചതിച്ചു, അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ വെള്ളിയായി

മത്തിയും അയലയും കിരിയാനുമാണ് ഇവരെ ചതിച്ചത്.

കറുകച്ചാല്‍: വീട്ടമ്മയുടെയും മക്കളുടെയും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ വെള്ളി നിറമായി. ഫ്രിഡ്ജില്‍ സൂക്ഷിച്ച മത്തിയും അയലയും കിരിയാനുമാണ് ഇവരെ ചതിച്ചത്. ചമ്പക്കരയിലെ ദീപു വര്‍ഗീസിന്റെ ഭാര്യ ജിഷയുടെയും മക്കളുടെയും സ്വര്‍ണാഭരണങ്ങളാണ് വെള്ളി നിറമായി മാറിയത്. ഈ മാസം 22ന് കറുകച്ചാല്‍ മാര്‍ക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തില്‍ നിന്നും വാങ്ങിയ മീന്‍ ജിഷ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 27നാണ് രാവിലെയാണ് മീന്‍ പുറത്തെടുക്കുന്നത്.

അയല വെട്ടിയപ്പോള്‍ ജിഷയുടെ കൈവിരലിലെ അരപ്പവന്‍ മോതിരത്തിന്റെ നിറം മാറി. എന്നാല്‍ ഇവര്‍ ഇതു കാര്യമാക്കിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വെട്ടാനായി കിരിയാന്‍ വെള്ളത്തില്‍ ഇട്ടുവച്ചു. ഇതിലേക്ക് ജിഷയുടെ കുട്ടികളായ ഡിയോണും ഡെല്‍നയും കൈയിട്ടതോടെ ഇവരുടെ സ്വര്‍ണാഭരണങ്ങളുടെയും നിറം മാറി. ഇതോടെയാണ് ഇവര്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്. ഡിയോണിന്റെ കൈയിലെ അരപവന്‍ സ്വര്‍ണ ചെയിനും ഡെല്‍നയുടെ രണ്ടു പവന്‍ വീതം തൂക്കം വരുന്ന രണ്ട് വളകളും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ കൊലുസും വെള്ളി നിറത്തിലായി.

Read Also: പ്രളയം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഉടന്‍ തന്നെ ഇവര്‍ മീനും നിറം മാറിയ സ്വര്‍ണാഭരണങ്ങളുമായി കറുകച്ചാലിലെ മാര്‍ക്കറ്റിലെത്തി ഉടമയെ കണ്ട് വിവരം അറിയിച്ചു. മീന്‍ കേടാകാതിരിക്കാന്‍ ചേര്‍ത്ത രാസവസ്തുക്കളാണ് നിറമാറ്റത്തിന് കാരണമായതെന്നാണ് ഇവരുടെ സംശയം. പായിപ്പാട്ടുനിന്നുമാണ് തങ്ങള്‍ക്ക് മീന്‍ ലഭിക്കുന്നതെന്നും മീനിന്റെ ഗുണമേന്മയെക്കുറിച്ച് അറിയില്ലെന്നും പൊലീസില്‍ പരാതി നല്‍കാനും ഉടമ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നല്‍കി.

മീനിലെ രാസസാന്നിധ്യം മനസ്സിലാക്കുന്നതിന് വിദഗ്ധ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം നിറം മാറിയ സ്വര്‍ണാഭരണങ്ങളില്‍ വേഗം കളര്‍ ചേര്‍ത്തില്ലെങ്കില്‍ സ്വര്‍ണം ദ്രവിച്ചുപോകുമെന്നും വെള്ളി നിറം കൂടുതല്‍ പടരുമെന്നും സ്വര്‍ണം വാങ്ങിയ ജ്വല്ലറിയില്‍നിന്ന് ജിഷയ്ക്കും കുടുംബത്തിനും നിര്‍ദ്ദേശം ലഭിച്ചു.

Read Also: കരുണാനിധിയുടെ ഭാര്യ ആശുപത്രിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button