KeralaLatest News

സര്‍ക്കാര്‍ പിഴവ് മറച്ചു വയ്ക്കാന്‍ ചെങ്ങന്നൂരില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഓരോന്നായി പുറത്തു വിടുന്നുവെന്ന് ആക്ഷേപം ശക്തം

തിരുവനന്തപുരം: എല്ലാ ദിവസവും സര്‍ക്കാര്‍ മഴക്കെടുതികള്‍ അവലോകനം ചെയ്യുമ്പോൾ ഓഗസ്റ്റ് എട്ടുമുതല്‍ ഓഗസ്റ്റ് 28വരെ 322 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.. ഓഗസ്റ്റ് എട്ട് മുതല്‍ 20 വരെ ആകെ 223 മരണം എന്നായിരുന്നു അന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. ഏഴ് ദിവസം കൊണ്ട് 99 പേര്‍ കൂടി മരിച്ചുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതോടെയാണ് ചെങ്ങന്നൂരിൽ സജി ചെറിയാന്റെ വാക്കുകളിലെ സംശയങ്ങള്‍ വീണ്ടും സജീവമാകുന്നത്.ഓഗസ്റ്റ് 20ന് ശേഷം കേരളത്തില്‍ മഴക്കെടുതികള്‍ ഉണ്ടായിട്ടില്ല. എന്നിട്ടും എങ്ങനെ 99 പേര്‍ മരിച്ചുവെന്നതാണ് ചര്‍ച്ചയ്ക്ക് വിഷയമാകുന്നത്.

ഇതിന് പിന്നില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളിയുണ്ടെന്നാണ് ഉയരുന്ന ആരോപണം. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം എത്താതുകൊണ്ട് നിരവധി പേര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പല മൃതദേഹങ്ങളും ഒഴുകി നടന്ന സ്ഥിതിയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അന്നൊന്നും ഈ മരണങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. അന്ന് സ്ഥിരീകരിച്ചിരുന്നെങ്കിൽ സർക്കാരിന്റെ സംവിധാനങ്ങളുടെ പാളിച്ചയാണെന്ന ആരോപണം സർക്കാരിന് ഏൽക്കേണ്ടി വന്നേനെ.

പാണ്ടനാടും മറ്റും കെടുതിയില്‍ മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാര്‍ ആ ഘട്ടത്തില്‍ രഹസ്യമാക്കി വച്ചുവെന്ന സംശയം ബലപ്പെടുത്തുന്നാണ് ഇപ്പോള്‍ മരണക്കണക്കിലൂണ്ടായ ഉയര്‍ച്ച. പാണ്ടനാട് നൂറുകണക്കിനാളുകള്‍ മരിക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ സിപിഎം നേതാവ് സജി ചെറിയാനും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആശങ്കകള്‍ ശരിയാണെന്ന് സ്ഥിരീകരിക്കും വിധമാണ് ഇപ്പോള്‍ മരണക്കണക്ക് കൂടുന്നത്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സഹായം കിട്ടാന്‍ വ്യക്തമായ കണക്ക് വേണം. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ കാര്യത്തില്‍ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ സാവധാനം ചര്‍ച്ചയാക്കുന്നത്.

പ്രളയ ദുരിതത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാതിരിക്കാനുള്ള കരുതല്‍ ദുരിതാശ്വാസ സമയത്ത് എടുക്കുകയും ചെയ്തു. ഉരുള്‍ പൊട്ടലിലും മറ്റ് ദുരന്തത്തിലും മരിച്ചവരുടെ കണക്കുകള്‍ മഴയുള്ളപ്പോള്‍ സര്‍ക്കാര്‍ കൃത്യമായി തന്നെ പ്രഖ്യാപിച്ചു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ സഹായം കിട്ടാതെ മരിച്ചവരുടെ എണ്ണം അക്കൂട്ടത്തില്‍ പെടുത്തിയില്ല. ഓഗസ്റ്റ് 20ന് മരണം 223ഉം ഓഗസ്റ്റ് 27ന് മരണം 322ഉം ആയ സാഹചര്യത്തിൽ വരും ദിനങ്ങളില്‍ കണക്കില്‍ ഇനിയും മാറ്റമുണ്ടാകുമെന്നാണ് സൂചന.

പ്രളയത്തിനു വഴിവയ്ക്കുകയും അതിനുശേഷം ദുരിതാശ്വാസത്തില്‍ പരാജയപ്പെടുകയും ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായി തിരിയാന്‍ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. മഴ മൂലമുള്ള വെള്ളപ്പൊക്കം അതിപ്രളയമായി മാറ്റി കേരളത്തെ ദുരന്തത്തിലേക്കു തള്ളിവിടുകയായിരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.ഒരു മാനേജ്മെന്റുമില്ലാതെ അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതാണു പ്രളയദുരന്തത്തിനു കാരണമെന്നു യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

പത്രസമ്മേളനവും പ്രസ്താവനയുമല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഇത്തരത്തിലെ വിമര്‍ശനങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് മരണ സംഖ്യയില്‍ സര്‍ക്കാര്‍ ഒളിച്ചു കളി നടത്തുന്നതെന്നാണ് ഉയരുന്ന വിവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button