തിരുവനന്തപുരം: ഇന്ന് ശ്രീനാരായണ ഗുരു ജയന്തി, ഗുരുദേവന് പ്രണാമമര്‍പ്പിച്ച് കേരളം. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ 164ാം പിറന്നാണ് ഇന്ന്. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌ക്ര്‍ത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു.
ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിച്ച ആ മഹാത്മാവിനെ ഓര്‍മ്മിക്കാനുതകട്ടെ ഈ ജന്മദിനം.
Post Your Comments