Latest NewsKerala

സേനകളുടെ സേവനം കേരളം മറക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണചടങ്ങ് ശംഖുംമുഖം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “സേനാവിഭാഗങ്ങളുടെ മനശ്ശക്തി പ്രളയത്തിരകള്‍ക്കും മേലെയായിരുന്നു. അര്‍പ്പണബോധത്തോടെ കേരളത്തോടൊപ്പവും സര്‍ക്കാരിനൊപ്പവും നിങ്ങള്‍ സമയോചിതമായി സഹായിച്ചില്ലായിരുന്നെങ്കില്‍ ദുരന്തം ഭയാനകമായേനെ. സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചാണ് അനേകരെ നിങ്ങള്‍ രക്ഷിച്ചത്. സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം നന്ദിയോടും ആദരവോടും സ്മരിക്കുമെന്നും” മുഖ്യമന്ത്രി പറഞ്ഞു.

Also readലോകത്തുള്ള എല്ലാ മലയാളികളും ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാം; പിണറായി വിജയൻ

വിവിധ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം സൂചിപ്പിക്കുന്ന പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. ദക്ഷിണ വ്യോമ സേന എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, ദക്ഷിണ നേവല്‍ കമാന്റ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആര്‍.ജെ. നഡ്കര്‍ണി, ഇന്ത്യന്‍ ആര്‍മി സ്‌റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സി.ജി. അരുണ്‍, എന്‍.ഡി.ആര്‍.എഫ് സീനിയര്‍ കമാന്‍ഡന്റ് രേഖാ നമ്പ്യാര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി സനാതന്‍ ജെന, സി.ആര്‍.പി.എഫ് ഐ.ജി ഗിരിപ്രസാദ്, ബി.എസ്.എഫ് ഡി.ഐ.ജി ബി.സി നായര്‍, ഐ.ടി.ബി.എഫ് കമാന്‍ഡന്റ് വിശാല്‍ ആനന്ദ്, ഡിഫന്‍സ് പി.ആര്‍.ഒ ധന്യ സനല്‍, മറ്റു വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

Also readനെ​ഹ്റു ട്രോ​ഫി വള്ളംകളി; തീരുമാനം വ്യക്തമാക്കി തോമസ് ഐസക്ക്

അപൂര്‍വമായ ആദരമാണ് സേനാവിഭാഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് എല്ലാ സേനാവിഭാഗങ്ങള്‍ക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയ വ്യോമ സേന എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് പറഞ്ഞു. ദുരന്തമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങളോടെ നയിച്ചത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. മലയാളികളുടെ ഇച്ഛാശക്തി എടുത്തുപറയേണ്ടതാണ്. സേനകള്‍ക്കുപുറമേ, സന്നദ്ധപ്രവര്‍ത്തകരും മത്‌സ്യത്തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണം തുണയായി. ഇനി കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മലയാളികകളോടൊപ്പം മറ്റെല്ലാ സമൂഹവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Also readകുടുംബത്തിന്റെ പേരിൽ തന്നെ വിമർശിക്കരുതെന്ന് രാഹുൽ ഗാന്ധി

ചടങ്ങില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, കെ.കെ. ശൈലജ, എം.എം. മണി, കടകംപള്ളി സുരേന്ദ്രന്‍, ഡോ. കെ.ടി.ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ജില്ലാ കളക്ടര്‍ ഡോ.കെ. വാസുകി, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, വിവിധ സേനാ വിഭാഗങ്ങളിലെ പ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button