KeralaLatest News

താനാരെയും കൊന്നിട്ടില്ല എന്ന സൗമ്യയുടെ വാക്കുകള്‍ ദുരൂഹത ഉണർത്തുന്നു: ബന്ധുക്കൾക്കും സംശയം

കണ്ണൂർ ; പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും,മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ. സ്വന്തം കുടുംബത്തെയാകെ കൊല ചെയ്തുവെന്ന കുറ്റത്തിനാണ് കണ്ണൂര്‍ പിണറായി സ്വദേശി സൗമ്യ ജയിലിലെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അച്ഛനെയും അമ്മയെയും മകളെയും വിഷം കൊടുത്ത് കൊന്നുവെന്നതായിരുന്നു കേസ്. മകള്‍ക്ക് ചോറിലും അച്ഛനും അമ്മയ്ക്കും കറികളിലും വിഷം ചേര്‍ത്ത് നല്‍കിയെന്ന് സൗമ്യ തന്നെയാണ് പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ സൗമ്യയുടെ മരണശേഷം ജയിലില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ താന്‍ ആരെയും കൊന്നിട്ടില്ലെന്നാണ് സൗമ്യ എഴുതിയിരിക്കുന്നത്. ‘ഞാന്‍ ആരെയും കൊന്നിട്ടില്ല. വീട്ടുകാര്‍ ഒറ്റപ്പെടുത്തിയ വലിയ മാനസിക സംഘര്‍ഷം ഞാനനുഭവിക്കുന്നു. എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളല്ല. ശ്രീയെ ഞാനൊരുപാട് സ്‌നേഹിച്ചിരുന്നു’- എന്നായിരുന്നു കുറിപ്പ്. മാസങ്ങളുടെ ഇടവേളകളില്‍ നടന്ന മരണങ്ങള്‍ നാട്ടുകാരിലും ബന്ധുക്കളിലുമുണ്ടാക്കിയ സംശയങ്ങളായിരുന്നു പിണറായി കൂട്ടക്കൊലയുടെ ചുരുളഴിച്ചിരുന്നത്.

നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കൂട്ടക്കൊലക്കേസിൽ മറ്റ് ചിലർക്ക് കൂടി പങ്കുണ്ട്. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന സമയത്ത് തന്നെ സന്ദർശിച്ച കേരള ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തകരോട് ചിലരുടെ നിർദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ പറഞ്ഞിരുന്നു.ഇക്കാര്യം കോടതിയിൽ തുറന്നു പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു.മുൻ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയാണ് ഈ കേസ് അട്ടിമറിച്ചത്.

ഇതേ തുടർന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ബന്ധുക്കൾ പരാതി നൽകിയിരുന്നു.എന്നാൽ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.ഇപ്പോള്‍ ഏകപ്രതിയായ ഇവര്‍ മരിച്ചതോടെ അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ താനാരെയും കൊന്നിട്ടില്ല എന്ന സൗമ്യയുടെ വാക്കുകള്‍ വീണ്ടും കേസ് ദുരൂഹമാക്കുകയാണ്. അതേസമയം ആത്മഹത്യയ്ക്ക് മുമ്പ് സൗമ്യ ജയിലില്‍ വച്ച് നിരവധി കുറിപ്പുകളെഴുതി സൂക്ഷിച്ചിട്ടുണ്ടെന്നും ഇതെല്ലാം വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button