ന്യൂഡൽഹി : 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസിൽ പ്രതിയായ വിജയ് മല്യയെ പാർപ്പിക്കാൻ ഉദേശിക്കുന്ന ആർതർ റോഡ് ജയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കി. ടെലിവിഷൻ, സ്വകാര്യ ശുചിമുറി, കിടക്ക, വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം, മുറ്റം എന്നിവയാണ് ആർതർ റോഡ് ജയിലിലെ 12–ാം നമ്പർ ബാരക്കിൽ മല്യക്കായ് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ ചിലത് . ബ്രിട്ടനിലെ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ സമർപ്പിച്ച പത്ത് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലാണ് ഇവ വിശദീകരിച്ചിരിക്കുന്നത്.
Also Read: വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിച്ചു;സിദ്ധരാമയ്യ
“ബ്രിട്ടനിലെ കോടതിയ്ക്ക് ഇന്ത്യൻ ജയിലുകൾ ശുചിത്വമുള്ളവയാണോ എന്ന് അറിയണമായിരുന്നു. ബാരക്കിന്റെ ശുചിത്വ നിലയും വൈദ്യശാസ്ത്ര സൗകര്യങ്ങളും സംബന്ധിച്ച തെളിവുകൾ ഞങ്ങൾ കോടതിക്ക് കൈമാറിയിട്ടുണ്ട്”- റിപ്പോർട്ട് സമർപ്പിച്ച ഉന്നത സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. മല്യയ്ക്ക് പ്രത്യേകമായി ലൈബ്രറി സൗകര്യം ഒരുക്കുമെന്നും സിബിഐ വ്യക്തമാക്കി.
കൊടുംകുറ്റവാളികളെയും , അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയും പാർപ്പിക്കുന്ന ഇടമാണ് 12–ാം നമ്പർ ബാരക്ക്. രണ്ടുനിലകളിലായി എട്ടു സെല്ലുകളുള്ള ഇവിടെ സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമുൾപ്പടെ കനത്ത കാവലാണുള്ളത്. ലണ്ടനിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരിക്കുന്ന മല്യയെ വിട്ടുകിട്ടാനുള്ള കേസിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതി വാദം കേൾക്കുകയാണ്. മജിസ്ടേട്ട് കോടതി വിധി അനുകൂലമായാൽ മാത്രമേ തുടർ നടപടികൾ സാധിക്കുകയുള്ളു.
Post Your Comments