Latest NewsKerala

നാട്ടിലേയ്ക്ക് വന്ന പ്രവാസികള്‍ക്ക് ഇരുട്ടടി : ജോലി നഷ്ടമാകുമെന്ന ഭീതിയില്‍ പ്രവാസികള്‍

അബുദാബി : ഗള്‍ഫ്‌നാട്ടിലെ മധ്യവേനലവധിയും നാട്ടിലെ പെരുന്നാളും ഓണവും എല്ലാം ഒന്നിച്ചായതുകൊണ്ട് പ്രവാസികളില്‍ ഭൂരിഭാഗം പേരും നാട്ടിലേയ്ക്ക് വന്നത് ഈ സമയത്തായിരുന്നു. മധ്യവേനലവധി കഴിഞ്ഞ് സെപ്റ്റംബര്‍ രണ്ടിന് സ്‌കൂളുകള്‍ തുറക്കുകയും ചെയ്യും. എന്നാല്‍ സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. വെള്ളപ്പൊക്കത്തത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇതു വരെ തുറക്കാത്തതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. പല വിമാനങ്ങളളുടേയും ഷെഡ്യൂള്‍ ടൈമും മാറി. വിമാനങ്ങള്‍ എവിടുന്നാണ് പുറപ്പെടുന്നതെന്നും ഇവര്‍ക്ക് നിശ്ചയമില്ല.

ഇതിനിടയിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോരുന്ന പ്രവാസികളെ ആശങ്കയിലാഴ്ത്തി അഞ്ചിരട്ടി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗള്‍ഫ് സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്ന പല വിമാനങ്ങളിലും സീറ്റില്ല. ഉള്ളവയിലാകട്ടെ പൊള്ളുന്ന നിരക്കും. ഇതുമൂലം പലരുടെയും യാത്ര അനിശ്ചിതമായി നീളുകയാണ്. പ്രളയത്തില്‍ മുങ്ങിയതുമൂലം അടച്ച നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടിയതോടെ കോഴിക്കോടും തിരുവനന്തപുരവും അടക്കം മറ്റു സെക്ടറുകളിലെ വിമാന ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തരമായി നാട്ടിലേക്ക് വന്നവരും തിരിച്ചുവരാനാവാതെ പ്രയാസത്തിലാണ്.

ഗള്‍ഫ് വിമാന നിരക്ക് വര്‍ധന തടയാന്‍ മുഖ്യമന്ത്രിയുടെ അടിയന്തിര നടപടി

ഇതുമൂലം പലരുടെയും ജോലി തന്നെ നഷ്ടമാകുമോ എന്ന ഭീതിയിലാണ് കഴിയുന്നത്. വേനല്‍ അവധി കഴിഞ്ഞ് ഗള്‍ഫില്‍ സെപ്റ്റംബര്‍ രണ്ടിന് സ്‌കൂളുകള്‍ തുറക്കും.

കൊച്ചി വിമാനത്താവളം അടച്ചതോടെ യാത്ര മറ്റേതെങ്കിലും സെക്ടറിലേക്ക് മാറ്റാനായി അന്വേഷിച്ചപ്പോള്‍ ആഴ്ചകള്‍ക്കുശേഷമേ ഇതേ വിമാനത്തില്‍ സീറ്റുകള്‍ ലഭ്യമാകൂ എന്നാണ് പ്രവാസികള്‍ക്ക് ലഭിച്ച മറുപടി. തിരുവനന്തപുരം, കോഴിക്കോട് എന്നിവയ്ക്ക് പുറമെ ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു സെക്ടറുകളില്‍നിന്നും ഇതുതന്നെയാണ് അവസ്ഥയെന്ന് ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥരും പറഞ്ഞു. ഈ സെക്ടറുകളിലൊന്നിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് വരും ദിവസങ്ങളില്‍ ലഭ്യമല്ലെന്നും പറഞ്ഞു.

സെപ്റ്റംബര്‍ പതിനഞ്ചുവരെ ഏതാണ്ട് ഇത്രയും അതിനെക്കാള്‍ കൂടുതലുമാണ് സ്വകാര്യ, ദേശീയ വിമാന കമ്പനികളുടെ ഗള്‍ഫ് സെക്ടറിലേക്കുള്ള നിരക്ക്. സീസണ്‍ സമയത്തെ ആകാശക്കൊള്ള അവസാനിപ്പിക്കുന്നതിനൊപ്പം അധിക വിമാന സര്‍വീസ് ഏര്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കണമെന്നാണു പ്രവാസികളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button