![](/wp-content/uploads/2018/08/nedumbassery-airport_710x400xt.jpg)
കൊച്ചി: സംസ്ഥാനത്തെ പ്രളയം മൂലം അടച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്ന തീയതി പ്രഖ്യാപിച്ചു. 26നു തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ടെര്‍മിനലുകള്‍ക്കുള്ളില്‍ ശുചീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ചു ടെര്‍മിനല്‍ കെട്ടിടത്തില്‍ ശുചീകരണം വേഗത്തിലാക്കിയിട്ടുണ്ട്.
പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേറ്ററിങ് കമ്പനികള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു മൂന്നുദിവസം കൂടി വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്.
Also Read : നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി
വിവിധ ഇലക്ട്രോണിക് സംവിധാനങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികളും താല്‍ക്കാലിക മതില്‍ നിര്‍മാണവും ഇതോടൊപ്പം നടക്കുന്നു. ചെക് ഇന്‍ സംവിധാനങ്ങള്‍, റണ്‍വേ ലൈറ്റുകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, എക്സ്റേ മെഷീനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. 29ന് ഉച്ചയ്ക്കു രണ്ടു മണിയോടെ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് അധികൃതര്‍. ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികളും അറിയിച്ചു.
Post Your Comments