Latest NewsKerala

മഹാദുരന്തത്തെ അതിജീവിക്കാന്‍ 71 കോടിയുടെ സഹായവുമായി റിലയന്‍സ് :പുനരധിവാസത്തിനായി പദ്ധതിയും ലക്ഷ്യമെന്ന് നിത അംബാനി

പ്രളയം ബാധിച്ച ആളുകളുടെ പുനരധിവാസത്തിനായി ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കുമെന്നും റിലയന്‍സ് ഫൗണ്ടേഷന്‍ അറിയിച്ചു.

കൊച്ചി: മഴക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന് ലോകത്തിന്റെ ഓരോ കോണില്‍ നിന്നും സഹായ ഹസ്തം എത്തിച്ചേരുകയാണ്. അതിനിടയിലാണ് രാജ്യത്തെ വ്യവസായ ഭീമന്മാരായ റിലയന്‍സ് കേരളത്തെ സഹായിക്കാനായി മുന്നോട്ട് വന്നത്. നീത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഫൌണ്ടേഷന്‍ 71 കോടിയുടെ ധനസഹായം നല്‍കുമെന്ന് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. 21 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. 50 കോടി രൂപയുടെ ആവശ്യ സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കാനുമാണ് റിലയന്‍‌സിന്റെ തീരുമാനം.

ഇതിനോടൊപ്പം തന്നെ പ്രളയം ബാധിച്ച ആളുകളുടെ പുനരധിവാസത്തിനായി ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കുമെന്നും റിലയന്‍സ് ഫൗണ്ടേഷന്‍ അറിയിച്ചു. ഒരു ഉത്തരവാദിത്തപ്പെട്ട കോര്‍പ്പറേറ്റ് ഫൗണ്ടേഷന്‍ എന്ന നിലക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയും ജോലിയുമാണിത്. കേരളത്തില്‍ പ്രളയത്തിലകപ്പെട്ടവരുടെ കഷ്ടതകള്‍ക്കൊപ്പം നിന്ന് അവരുടെ രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണക്കുകയാണ് ഞങ്ങളെന്ന് ‘ റിലയന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് നിത എം അംബാനി പറഞ്ഞു.

ഇതിനു പുറമെ സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ തകര്‍ന്ന സ്‌കൂളുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കണക്കുകള്‍ ശേഖരിച്ചു വരികയാണ് ഫൗണ്ടേഷന്‍. 160 സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേര്‍ക്ക് ഭക്ഷണവും ആവശ്യവസ്‌തുക്കളും നല്‍കും. ഇതിനായി മഹാരാഷ്‌ട്രയില്‍ നിന്നും പ്രത്യേക വിമാനം കേരളത്തിലെത്തുമെന്നും റിലയന്‍‌സ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു ജില്ലകളില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കും. ഡോക്ടര്‍മാരുടയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കും. ജില്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ട മരുന്നിനങ്ങള്‍ വിതരണം ചെയ്യും .

തിരഞ്ഞെടുക്കപ്പെട്ട തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യും.തകര്‍ന്ന സ്‌കൂളുകള്‍, കോളേജുകള്‍, റോഡുകള്‍ എന്നിവ പുനര്‍നിര്‍മ്മിക്കുവാന്‍ വേണ്ട നിര്‍മ്മാണ സാമഗ്രികള്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്യും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മേസ്തിരിമാര്‍, തടിപ്പണിക്കാര്‍, ഇലക്‌ട്രീഷ്യന്മാര്‍ എന്നിവരെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കോണ്‍ട്രാക്ടര്‍മാര്‍ വഴി വിട്ടു കൊടുക്കും. വീടുകളില്‍ വെള്ളം കയറിയ നശിച്ച ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി നല്‍കാന്‍ റിലയന്‍സ് ഡിജിറ്റലിന്റെ മേല്‍നോട്ടത്തില്‍ റിപ്പയര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും.

കേരളത്തിലങ്ങോളമിങ്ങോളം തടസ്സമില്ലാതെ ഫോണ്‍ ബന്ധത്തിനായി റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഉള്‍പ്പെടെ ഏഴ് ദിവസത്തെ സൗജന്യ വോയ്സ് പാക്ക് നല്‍കുന്നുണ്ട്. കന്നുകാലികള്‍ക്കു വേണ്ടിയുള്ള ഭക്ഷണവും ചികിത്സയും ഉറപ്പാക്കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button