കേരളം മലയാളികളുടെ പെറ്റമ്മ. എന്നാൽ ഭൂരിഭാഗം മലയാളുകളുടെയും പോറ്റമ്മയാണ് ഗൾഫ് രാജ്യം. ഒരു കുടുംബത്തിൽ ഒരാൾ എങ്കിലും വിദേശത്ത് ജോലി തേടി പോയിട്ടുണ്ടാകും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല. തലമുറ തലമുറകളായി ഈ ബന്ധം വികസിച്ചിരിക്കുകയാണ്. മികച്ച ജോലിയും സാമ്പത്തികവും ലക്ഷ്യമിട്ടു കൊണ്ട് വിദേശ ജോലി തിരഞ്ഞെടുക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ ലോകത്തെ ഏതൊരു കോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്നു എല്ലാരും പറയാറുണ്ട്. ജോലിയുടെ സുരക്ഷിതമായ ഇടമായി വിദേശ രാജ്യങ്ങളിൽ പോകുന്നവർ കൂടുതലും ഗൾഫ് രാജ്യങ്ങളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. നിരവധി മലയാളികൾക്കു ജീവിതം നൽകിയ, കേരളത്തിന്റെ സാമ്പത്തിക സുരക്ഷിതതത്വത്തിന്റെ തൂണുകളിലൊന്നാണ് ഗൾഫ് രാജ്യങ്ങൾ. ഇന്ന് കേരളം കണ്ട ഏറ്റവും വലിയ ദുരിതമായ പ്രളയകാലത്തും കേരളത്തിനു കൈത്താങ്ങാകുകയാണ് ഗൾഫ് രാജ്യം. മലയാളികളുടെ പെറ്റമ്മയ്ക്കു പോറ്റമ്മയുടെ കരുതൽ. അതാണ് ഗൾഫ് രാജ്യം നീട്ടിയ 700 കോടി.
പേമാരി ദുരിതമായി കേരളത്തിൽ പെയ്തിറങ്ങിയപ്പോൾ സ്നേഹത്തിന്റെ, കരുതലിന്റെ കാര്യങ്ങൾ നീട്ടി കേരളത്തിനൊപ്പം നിൽക്കുകയാണ് യുഎഇ.. പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായം നൽകുമെന്ന് അറിയിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സഹായ വിവരം അറിയിച്ചത്. ഏറെ ആവേശത്തോടെയും ആദരവോടെയുമാണ് യുഎഇയുടെ പ്രഖ്യാപനത്തെ പ്രവാസി മലയാളികളും കേരളത്തിലുള്ളവരും സ്വീകരിച്ചത്.
പ്രളയ ദുരിതമറിഞ്ഞ സമയത്തു തന്നെ എല്ലാവരും കേരളത്തിനൊപ്പം നിൽക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു. കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
read also: ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയം; സംസ്ഥാനസർക്കാരിനിത് നേട്ടം
ദുബായ് ഭരണാധികാരിയും, യുഎഇയുടെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ മക്തൂമിന്റെ മകൾ പ്രിൻസസ് ഹയ ബിൻത് അൽ ഹുസ്സൈൻ തന്റെ പിതാവ് കുറിച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ് … “യുഎഇയുടെ വിജയചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങൾ ആണ് കേരള ജനത. അന്നും ഇന്നും അവർ തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ പങ്കാളികൾ. ഇത്തരം ഒരു ദുരിതത്തിൽ അകപ്പെട്ട അവരെ സംരക്ഷിക്കുകയും, സഹായിക്കുകയും ചെയ്യേണ്ടതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ഞങ്ങളിൽ തന്നെയാണ് എന്ന് ഞങ്ങൾ മനസിലാക്കുന്നു; പ്രത്യേകിച്ചും ഈ പരിശുദ്ധ ദിനങ്ങളിൽ”
കേരളത്തിന്റെ ഈ മഴക്കെടുതിയിൽ സഹായവുമായി എത്തിയ ഗൾഫ് രാജ്യത്തിനു നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് കേരളീയരുടെ രണ്ടാം വീട് തന്നെയാണ് ഗൾഫ് രാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളിലെ സർക്കാരുകളും ആ നിലയിൽ തന്നെയാണ് മലയാളികളെ കാണുന്നതെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. മനുഷ്യത്വപരമായ ഈ സമീപനം കൈക്കൊള്ളുന്നത് ആ രാജ്യത്തിന്റെ മഹനീയത വിളിച്ചോതുന്നു.
Post Your Comments