KeralaLatest News

വെള്ളമിറങ്ങിയപ്പോള്‍ വീടുകളില്‍ വില്ലനായി എത്തുന്നത് ചട്ടുകത്തലയന്‍ പാമ്പ്

കൊച്ചി : വീടുകളില്‍ നിന്ന് വെള്ളമിറങ്ങുമ്പോള്‍ വില്ലനായി എത്തുന്നത് ചട്ടുകത്തലയന്‍ പാമ്പാണ്. ചട്ടുകത്തലയന്‍ എന്നപേര് വരാന്‍ കാരണം അര്‍ദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല ഉള്ളതിനാലാണ്. ഈ തല കണ്ടാല്‍ കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും. അല്‍പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ കടുംതവിട്ടോ നിറമുള്ള വഴുക്കലുള്ള മിന്നുന്ന സുന്ദരശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം. കഴുത്തുമുതല്‍ നെടുനീളത്തില്‍ മേല്‍ഭാഗത്ത് കടുംനിറത്തില്‍ വരകള്‍. അടിഭാഗം ഇളംചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും. ആദ്യകാഴ്ചയില്‍ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു.

വെള്ളത്തിനൊപ്പം ചട്ടുകത്തലയന്‍ താപാമ്പ് വീട്ടിലെത്തുമെന്നും നൂറ് പേരെ കൊല്ലാന്‍ പാകത്തിന് വിഷമുണ്ടെന്നും കൊന്നുകളഞ്ഞാലും വിഷം പടരുമെന്നുമൊക്കെയുള്ള വ്യാജ പ്രചരണം തുടരുന്നതിനിടെയാണ് ഈ ജീവിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്

താപാമ്പ്, ചട്ടുകത്തലയന്‍ എന്നൊക്കെയുള്ള നാട്ടുപേരുകള്‍കൂടാതെ ചോറുവാര്‍ക്കാന്‍ ഉപയോഗിക്കുന്ന അടച്ചൂറ്റിക്കഷണത്തിന്റെ രൂപമുള്ളതിനാല്‍ അടച്ചൂറ്റിപാമ്പ് എന്നും ചിലയിടങ്ങളില്‍ പേരുണ്ട്. പിക്കാസിന്റെപോലെ രണ്ട് ഭാഗത്തേക്ക് പിരിഞ്ഞ പരന്ന തലയുള്ളതിനാലാണ് ഈ വിഭാഗം വിരകളുടെ ജീനസിന് ബൈപാലിയം(Bipalium) എന്ന പേരുകിട്ടിയത്.

ബൈ എന്നാല്‍ രണ്ട് എന്നും പാല എന്നാല്‍ മണ്‍കോരി എന്നും ലാറ്റിനില്‍ അര്‍ത്ഥമുണ്ട്.മണ്ണിരകളാണ് പഹയരുടെ മുഖ്യഭക്ഷണം. മണ്ണിരപോയ വഴികള്‍ തിരിച്ചറിഞ്ഞ് പിന്തുടര്‍ന്നാണ് ബുദ്ധിപരമായ ഇരതേടല്‍ ആക്രമണം. അതിന് സഹായിക്കുന്നത് ഇഷ്ടമുള്ളപോലെ ചലിപ്പിക്കാനാകുന്ന പരപ്പന്‍ തലയാണ്. മണ്ണിരയെ അടുത്ത്കിട്ടി, ചട്ടുകത്തലകൊണ്ട് തൊട്ടറിഞ്ഞാല്‍ പിന്നെ വജ്രപ്പശകൊണ്ട് ഒട്ടിയപോലെ ഒന്നൊന്നരപിടുത്തമാണ്. വഴുതിപ്പിടയുന്ന മണ്ണിരയുടെ ശരീരം നീളത്തില്‍ പിണച്ച് ചുരുണ്ട് ഒരുതരം ധൃതരാഷ്ട്രാലിംഗനം നല്‍കും. മസില്‍ പവറിനാലും പശപശപ്പുള്ള ശരീരദ്രവങ്ങള്‍ കൊണ്ട് ഒട്ടിപ്പിടിപ്പിച്ചും, രക്ഷപ്പെടാന്‍ പെടാപ്പാട് നടത്തുന്ന ഇരയെ വരുതിയിലാക്കും.

മണ്ണിരയെ ചുരുട്ടിക്കൂട്ടിയശേഷമാണ് അടുത്തപണി. വായ തലയിലല്ല, നെഞ്ചത്താണ്. കീറ് വാതുറന്ന് അണ്ണാക്ക് പുറത്തേക്കിട്ട് ഉള്ളിലെ എന്‍സൈമുകള്‍ ഛര്‍ദ്ദിച്ചുകൂട്ടും. മണ്ണിരയുടെ സ്‌നിഗ്ധശരീരം അതുപയോഗിച്ച് ദഹിപ്പിച്ച് കുഴമ്പാക്കും. . വായവിടവിലൂടെ മണ്ണിര സത്തെല്ലാം സിലിയ ചലനം വഴി വലിച്ച് അകത്താക്കും. നമ്മളൊക്കെ തിന്നശേഷമാണ് ഭക്ഷണം ദഹിപ്പിക്കുന്നതെങ്കില്‍ ഈ ചങ്ങാതി ദഹിപ്പിച്ച ശേഷം ഭക്ഷണം വലിച്ചകത്താക്കുകയാണ് ചെയ്യുക എന്ന് സാരം. എല്ലാംകൂടി അരമണിക്കൂറെടുക്കും ഒരു ഭീകര ശാപ്പാടിന്. ഒരു മണ്ണിരയെ തിന്നാല്‍ പിന്നെ മൂന്നുമാസം പട്ടിണിയായാലും പ്രശ്‌നമില്ല..

കേരളത്തില്‍ ഒരിടത്തും ബൈപാലിയം വിഷബാധകൊണ്ട് ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായി രേഖകളില്ല. എന്നാലും ടെട്രഡോടോക്‌സിന്‍ എന്ന ശക്തിയേറിയ ന്യൂറോടോക്‌സിന്‍ Bipalium. adventitium, Bipalium. kewense. എന്നീ രണ്ട് ഇനങ്ങളുടെ ശരീരത്തില്‍ വളരെ ചെറിയ അളവില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അത് മണ്ണിരയെ ചലനരഹിതമാക്കാന്‍മാത്രം നിസാര അളവില്‍ ഉള്ളതാണ്. ഇതിനെ പിടിച്ച് തിന്നുന്ന ഇരപിടിയന്മാരെ കുഴപ്പിച്ച് നിരുത്സാഹപ്പെടുത്താനും, ചില അസ്വസ്ഥതകള്‍ ഉണ്ടാക്കാനും സാധിക്കും. മനുഷ്യര്‍ക്ക് അപകടം ഉണ്ടാക്കാന്‍മാത്രം ശക്തിയൊന്നും അതിനില്ല.

ശരീരത്തിന്റെ അടിഭാഗത്ത് ഉരഞ്ഞുനീങ്ങാന്‍ സഹായിക്കുന്ന ഒരുസോളുപോലുള്ള സംവിധാനംഉണ്ട്. മ്യൂക്കസ് ആവരണം ഉള്ള പുറംതൊലിയ്ക്ക് പക്ഷേ ഉള്ളിലെ ജലാംശം നഷ്ടമാകാതെ സൂക്ഷിക്കാനുള്ള കഴിവില്ല. അതിനാല്‍ ഈര്‍പ്പമുള്ള ഇടങ്ങളിലല്ലാതെ അധികസമയം ഇവയ്ക്ക് അതിജീവിക്കാനാകില്ല. ഉപ്പ് ദേഹത്ത് വിതറിയാല്‍തന്നെ ഉള്ളിലെ ജലാംശം പുറത്തേക്ക് നഷ്ടപ്പെട്ട് ചത്ത്‌പോകും.കഷണങ്ങളായി മുറിഞ്ഞ് ഓരോ കഷണങ്ങള്‍ക്കും തലഭാഗം വളര്‍ന്ന് വന്ന് പുതിയ ജീവിയായി മാറുന്നതരം പ്രത്യുത്പാദനരീതിയാണ് സാധാരണയായി ഉണ്ടാകുക.

Read Also : ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തിന് ഭീക്ഷണിയായി വിഷപ്പാമ്പ് ; പിന്നീട് സംഭവിച്ചത്

ഏതെങ്കിലും ഇരപിടിയന്‍ആക്രമണത്തില്‍ പീസ് പീസായാലും സാരമില്ല. ബാക്കിയായ ഓരോ കഷണവും പുതിയ വിരകളായി വളര്‍ന്നോളും. ലൈംഗീക പ്രത്യുത്പാദനവും ചില സ്പീഷിസുകളില്‍ നടക്കുന്നുണ്ട്. ആണ്‍ പെണ്‍ ലൈംഗീക അവയവങ്ങള്‍ രണ്ടും ഒരേ ജീവിയില്‍ കാണുകയെന്ന hermaphroditic സ്വഭാവം പ്രകടിപ്പിക്കുന്നവയാണ് ചട്ടുകത്തലയന്മാര്‍. അര്‍ദ്ധനാരീശ്വരനല്ല, പൂര്‍ണ നാരീശ്വരന്മാരാണിവര്‍. പരസ്പരം നേര്‍വിപരീതദിശയില്‍ ചേര്‍ന്നുനിന്നാണ് ഇണചേരല്‍. രണ്ട് ജീവികളിലേയും ആണ്‍ പെണ്‍ ലൈംഗീക അവയവങ്ങള്‍ നേര്‍ക്കുനേര്‍ വരികയും ബീജസങ്കലനം നടക്കുകയും ഇരുവരും മുട്ടകള്‍ നിറഞ്ഞ ഒരു കൂട് പൊഴിച്ചിടുകയും ചെയ്യും.

എന്തൊക്കെയായാലും ഇവയുടെ സാന്നിദ്ധ്യം ചിലപ്രദേശങ്ങളുടെ സൂക്ഷ്മകാലാവസ്ഥ, മണ്ണിന്റെ ജൈവഘടന, മണ്ണിരകളുടെ ലഭ്യത, എന്നിവയുടെ ഒക്കെ സൂചകമാണ്. വളരെ ചെറിയ കാലാവസ്ഥാമാറ്റങ്ങള്‍ പോലും ഇവയെ ഇല്ലാതാക്കും. അതിനാല്‍ താപാമ്പിനെ നിങ്ങളുടെ പ്രദേശത്ത് നല്ല മഴക്കാലത്തും ഒട്ടും കാണാന്‍ കിട്ടുന്നില്ലെങ്കില്‍ സൂക്ഷിച്ചോളൂ. അത് നല്ല ലക്ഷണമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button