തിരുവനന്തപുരം: അടിയന്തരസഹായമായി കേരളത്തിന് 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാലാശ്വാസമായി തുക അനുവദിച്ചത്. പ്രാഥമികകണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥനഷ്ടം കണക്കാക്കാന്‍ പറ്റു. അതേസമയം അടിയന്തരമായി 2000 കോടി രൂപയമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി പ്രളയ ബാധിത മേഖലകളിലേയ്ക്ക് വ്യോമ നിരീക്ഷണം നടത്താന്‍ ഒരുങ്ങുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രളയബാധിത മേഖലയില്‍ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അദ്ദേഹം സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് അദ്ദേഹം പുറപ്പെടുന്നത്.
Also Read : പ്രളയക്കെടുതിയില്‍ കൈത്താങ്ങുമായി എയര്‍ ഇന്ത്യ; സൗജന്യ സേവനങ്ങള്‍ ഇങ്ങനെ
അതേസമയം പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലും തിരുവല്ലയിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി കനത്തമഴ തുടരുകയാണ്. സൈന്യത്തിന്റെ നാല് ഹെലികോപ്റ്ററുകള്‍ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. നിരവധിപ്പേരാണ് ഇപ്പോഴും പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്. പാണ്ടനാട് കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.
Post Your Comments