കൊച്ചി: പ്രളയത്തില്‍ പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ മുതൽ നടക്കും. കര നാവിക വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ സർവ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവർത്തനത്തിനിറങ്ങുക. രാവിലെ അഞ്ചു മണിക്ക് രക്ഷാദൗത്യം ആരംഭിക്കും. ആലുവയിൽ ദേശീയ ദുരന്ത നിവാരണ സേനയും കാലടിയിൽ കരസേനയും മൂവാറ്റുപുഴയിൽ നാവിക സേനയും രംഗത്തിറങ്ങും.
പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ഒപ്പമുണ്ടാകും. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാദൗത്യത്തിന് പിന്തുണ നൽകും. ദുർഘട കേന്ദ്രങ്ങളിൽ ഹെലികോപ്റ്ററിൽ നിന്നും കയറിട്ടു കയറ്റിയാകും രക്ഷാപ്രവർത്തനം. ഭക്ഷണപ്പൊതികളും ഹെലികോപ്റ്ററിൽ വിതരണം ചെയ്യും.പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് നാളെ കനത്ത മഴ പെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .
പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവിടെ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല.പത്തനംതിട്ടയും ആലുവയും ചാലക്കുടിയും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി പെരിയാർ ചാലക്കുടി പുഴകളിൽ ജലനിരപ്പ് ഇനിയും ഉയരും. പലയിടത്തും രണ്ട് ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലുമായില്ല.
Post Your Comments