KeralaLatest News

ആലുവ, ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി; എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയില്‍ മുങ്ങിപ്പോയിരിക്കുകയാണ്. നിരവധി ആളുകളാണ് വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പല ജില്ലയിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ വരെ വെള്ളത്തില്‍ ഒലിച്ചുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണാന്‍ കഴിയുന്നത്. ആലുവ, ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

ഇന്ന് പുലര്‍ച്ചെ മുതലാണ് വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞു. ലോറിയിലാണ് ഇപ്പോള്‍ ജനങ്ങളെ ക്യാമ്പുകളിലെത്തിക്കുന്നത്. മുപ്പത്തടം ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പു നിറഞ്ഞു. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 75 ശതമാനവും വെള്ളത്തിനടിയിലായി. റോഡുകള്‍ കൂടുതലായി മുങ്ങുന്നതിനുമുമ്പ് ജനങ്ങളെ പരമാവധി ക്യാമ്പുകളിലേക്കു മാറ്റുന്നതിനുള്ള തിരക്കിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Also Read : കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി

പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ ജംങ്ഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ദേശീയപാതയിലും വെള്ളംനിറഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏലൂരില്‍ നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ടുകള്‍ മതിയാകുന്നില്ല. പൊലീസ് ക്ലബില്‍ പൊലീസ് കുടുങ്ങിക്കിടക്കുന്നു. പെരുമ്പാവൂര്‍ മൂവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആലുവ ദേശീയപാതയില്‍ വള്ളമിറക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

പത്തനംതിട്ടയും ഏകദേശം പൂര്‍ണമായി വെള്ളത്തില്‍ മങ്ങിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി. ആറന്മുള മാലക്കര സെന്റ് തോമസ് ആശുപത്രിയിലാണ് 80 രോഗികള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുന്നത്. ആശുപത്രിയിലെ ഓക്സിജന്റെ അളവ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button