വീടിന്റെ ഐശ്വര്യമാണ് ജീവിത വിജയത്തിന്റെയും ദാമ്പത്യ ബന്ധത്തിന്റെയും അടിസ്ഥാനം. പഞ്ഞമാസമായ കര്‍ക്കടം കഴിഞ്ഞു ചിങ്ങപ്പുലരിയ്ക്ക് നാളുകള്‍ മാത്രം. കൊയ്‌ത്തു കഴിഞ്ഞു നെല്ല് പത്താഴത്തിൽ നിറയ്‌ക്കും മുൻപു ഗൃഹവും പരിസരവും അറയും പത്താഴവും അതിനൊപ്പം നമ്മുടെ മനസ്സും ശുദ്ധമാക്കുന്ന ചടങ്ങാണ് നിറപുത്തരി. ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്ന നിറപുത്തരി മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു.
കൊയ്തെടുത്ത നെല്‍ക്കറ്റയാണ് ഈ ചടങ്ങില്‍ പ്രധാനം. ഇന്ന് ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന കറ്റ വീട്ടില്‍ വയ്ക്കുന്നതോടെ സമ്പത്തും സമൃദ്ധിയും വീട്ടില്‍ നിറയുമെന്നു വിശ്വാസം. കറ്റയിൽനിന്ന് ഒന്നോ രണ്ടോ പിടി അറവാതിൽക്കലും പൂമുഖത്തും കെട്ടിത്തൂക്കും. കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ.
നിറപ്പുത്തരി പൂജക്കായി ശബരിമല ക്ഷേത്രം തുറന്നു കഴിഞ്ഞു. പുലര്‍ച്ചെ 6നും 6.30നും ഇടക്കാണ് നിറപുത്തരി പൂജ. അച്ചന്‍കോവിലില്‍ ദേവസ്വം ബോര്‍ഡിന്റെ കൃഷി ഭൂമിയില്‍ നിന്ന് കൊണ്ടുവരുന്ന നെല്‍ക്കതിര്‍ കെട്ടുകളാണ് ക്ഷേത്ര ശ്രീകോവിലില്‍ വച്ച് പൂജ നടത്തുന്നത്. നിറപുത്തരി പൂജയ്ക്ക് ശേഷം കതിര്‍ കെട്ട് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവില്‍ കെട്ടും. പിന്നീട് കതിര്‍ കറ്റകള്‍ അയ്യപ്പഭക്തര്‍ക്ക് വിതരണം ചെയ്യും.
Post Your Comments