കൊച്ചി•റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലുമടക്കം വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് തീരുമാനം.
റണ്‍വേയും പാര്‍ക്കിംഗ് ബേയും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഇന്ന് രാവിലെ നാല് മുതല്‍ എഴുമണി വരെ വിമാനത്താവളത്തില്‍ ആഗമനം നിര്‍ത്തി വച്ചിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെടാത്തതിനെതുടര്‍ന്ന് വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ അടിച്ചിടാന്‍ സിയാല്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്ഥിതി കൂടുതല്‍ വഷളായതിനെതുടര്‍ന്നാണ് വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.
വിമാനത്താവളം അടച്ചതിനെത്തുടര്‍ന്ന് കൊച്ചിയിലേക്കുള്ള ആഭ്യന്തര സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്.
READ ALSO: നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി
രാവിലെ ഗള്‍ഫില്‍ നിന്നും ഏതാനും വിമാനങ്ങള്‍ സമീപ വിമാനത്താവങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്തില്‍ നിന്ന് വന്ന കുവൈത്ത് എയര്‍വേയ്സ് വിമാനം ചെന്നൈയിലേക്കും അബുദാബിയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു.
ഷാര്‍ജയില്‍ നിന്ന് വന്ന ജെറ്റ് എയര്‍വേയ്സ് വിമാനം ബംഗളൂരുവില്‍ ഇറക്കി. ജിദ്ദയില്‍ നിന്ന് വന്ന എയര്‍ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. മസ്ക്കറ്റില്‍ നിന്ന് വന്ന ഒമാന്‍ എയര്‍വിമാനം മുംബൈയിലേക്കും ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്കും തിരിച്ചുവിട്ടു.
ഷാര്‍ജയില്‍ നിന്ന് വന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. ദുബായില്‍ നിന്ന് വന്ന സ്പൈസ്ജെറ്റ് വിമാനം ലിബിയയില്‍ ഇറക്കി. ദോഹയില്‍ നിന്ന് വന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തേക്കും തിരിച്ചുവിട്ടു.
വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂംം തുറന്നു: 0484 – 3053500, 2610094.
Post Your Comments