ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റിൽ നുഴഞ്ഞു കയറിയ സ്പെഷ്യൽ ഓഫീസർ തകർത്തത് 48 ആക്രമണങ്ങൾ. അവസാനം ഐ എസുകാർ ചതി മനസ്സിലാക്കി കൊലപ്പെടുത്തിയപ്പോൾ കണ്ണീരണിഞ്ഞത് ഒരു രാജ്യം മുഴുവൻ. വാഹനങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറച്ചു കൊണ്ടുള്ള 30 ആക്രമണങ്ങളും 18 ചാവേർ ആക്രമണങ്ങളുമാണ് ഇറാഖ് നാഷണൽ ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥനായ ഹരിത് അൽ സുഡാനി തടഞ്ഞത്.മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാരെ പിടികൂടാൻ സഹായിച്ചതും ഈ വെരി വെരി സ്പെഷ്യൽ ചാരൻ തന്നെ.
ഫാൽക്കൺ ഇന്റലിജൻസ് സെൽ എന്ന ഇറാഖ് സ്പെഷ്യൽ ഏജൻസി ഇതുവരെ നൂറുകണക്കിനു ആക്രമണങ്ങളാണ് തകർത്തത് . സിറിയയിൽ നിന്നും തുർക്കിയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ കമാൻഡർമാരെ അറസ്റ്റ് ചെയ്യാനുള്ള വിവരങ്ങൾ നൽകിയതും ഫാൽക്കൺ തന്നെ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്റലിജൻസ് ഡയറക്ടർ ആയിരുന്ന ബസ്രി എന്ന ഓഫീസർ ആണ് ഫാൽക്കൺ യൂണിറ്റ് ആരംഭിച്ചത്.
സഹോദരന്റെ നിർദ്ദേശമനുസരിച്ച് സുഡാനി ഇതിലേക്ക് അപേക്ഷ അയച്ചു. സൈബർ, ടെലഫോൺ ചോർത്തലായിരുന്നു ജോലി.2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലെ നല്ലൊരു ഭാഗം കീഴടക്കിയപ്പോൾ സുഡാനിയെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ ഏജൻസി വിട്ടു. ക്യാപ്ടനായി സ്ഥാനക്കയറ്റം കിട്ടിയ സുഡാനി ജിഹാദിയാകാൻ പരിശീലിച്ചു.അബു സുഹൈബ് എന്ന പേരിൽ ഐഎസിൽ കയറിപ്പറ്റി.
മതത്തെപ്പറ്റിയും സ്ഫോടകവസ്തുക്കളെപ്പറ്റിയുമുള്ള പഠനമായിരുന്നു ആദ്യ ദിനം . ബാഗ്ദാദിൽ സ്ഫോടക വസ്തു എത്തിച്ച് സ്ഫോടനം നടത്തലായിരുന്നു ആദ്യ ദൗത്യം. സ്ഫോടക വസ്തുവുമായി പോകുന്ന സുഡാനി ഇവരം ഫാൽക്കൺ ഏജൻസിയെ അറിയിക്കും . തുടർന്ന് സുഡാനിയുടെ കാറിനൊപ്പം സിഗ്നൽ ജാമർ ഘടിപ്പിച്ച മറ്റൊരു കാർ സഞ്ചരിക്കും.വിദൂര ദേശത്തിരുന്ന് നിയന്ത്രിക്കുന്ന സ്ഫോടനം ആയതിനാൽ സിഗ്നലുകൾ കാറിനടുത്തെത്താതെ ഈ വാഹനത്തിലെ ജാമർ സഹായിക്കും. തുടർന്ന് മറ്റൊരു കേന്ദ്രത്തിലെത്തിച്ച് സ്ഫോടക വസ്തുക്കൾ നിർജ്ജീവമാക്കുന്നു.
ഒപ്പം കൃത്യസമയത്ത് തന്നെ സ്ഫോടനം നടന്നതായും നിരവധി പേർ കൊല്ലപ്പെട്ടതായും വ്യാജ വാർത്തകൾ ഉണ്ടാക്കുന്നു.300 കിലോ സ്ഫോടക വസ്തുക്കളുമായി ഏതാണ്ട് മുപ്പതോളം പ്രാവശ്യമാണ് സുഡാനി യാത്ര ചെയ്തത്. എന്നാൽ ഒരു ദിവസം ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാർക്ക് സംശയമുദിച്ചു . സുഡാനി പറഞ്ഞ ഒരു കള്ളം പിടിക്കപ്പെട്ടു . എവിടെയാണെന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞതാണ് പ്രശ്നമായത് . ജിപിഎസ് വച്ച് ലൊക്കേഷൻ കണ്ടുപിടിച്ചതോടെ ഐഎസ് ഭീകരർക്ക് സംശയമായി.
2017 ലെ പുതുവത്സര ആഘോഷങ്ങൾക്കിടെ ബോംബ് സ്ഫോടനം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും സുഡാനിയെ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്കുമായി വിട്ടു. ഇക്കുറി സുഡാനിയുടെ സംസാരം ട്രാൻസ്മിറ്റ് ചെയ്യാനുള്ള രണ്ട് ഉപകരണങ്ങൾ കൂടി ട്രക്കിൽ വച്ചിരുന്നു. യാത്രക്കിടയിൽ സുഡാനിക്ക് മൊസുൾ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിൽ നിന്ന് ഫോൺ വിളിയെത്തി. വഴിമാറിയതെന്തിനെന്ന് ചോദ്യം വന്നു.സുഡാനി അങ്കലാപ്പിലായി..300 കിലോ സ്ഫോടക വസ്തുവാണ് ട്രക്കിനുള്ളിൽ . ഒടുവിൽ ഫാൽക്കണിന്റെ നിർദ്ദേശ പ്രകാരം നിർവീര്യമാക്കാൻ മറ്റൊരു കേന്ദ്രത്തിലെത്തിച്ചു . ബോംബുകൾ നിർവീര്യമാക്കി.
തന്റെ സംഭാഷണങ്ങൾ എല്ലാം മൊസൂളിലെത്തിയിട്ടുണ്ടെന്ന് സുഡാനി മനസ്സിലാക്കിയില്ല. വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം കൂടി . ഒടുവിൽ അവർ സുഡാനിക്ക് മറ്റൊരു നിർദ്ദേശം കൊടുത്തു . ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രത്തിനടുത്ത് ഒരു ഫാം ഹൗസിൽ എത്താനായിരുന്നു നിർദ്ദേശം.ഇന്റലിജൻസ് ഓഫീസർമാർ വിലക്കിയിട്ടും അയാൾ ആ ഫാം ഹൗസിലേക്ക് പോയി . പിന്നീടൊരിക്കലും പുറം ലോകം കണ്ടിട്ടില്ല . സൈന്യം ഫാം ഹൗസിൽ ആക്രമണം നടത്തിയെങ്കിലും സുഡാനിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരു ദിവസം ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട പ്രൊപ്പഗൻഡ വീഡിയോവിൽ കൊല്ലപ്പെടുന്ന ആളിന് സുഡാനിയുമായി സാമ്യമുണ്ടായിരുന്നതായി കണ്ടുപിടിക്കപ്പെട്ടു.ശവം പോലും ഇതുവരെ കണ്ടെത്താനായില്ല. ഇന്നും പ്രതീക്ഷയോടെ ജീവിക്കുകയാണ് കുടുംബം . ഒരിക്കൽ പ്രിയപ്പെട്ട മക്കളേയും കുടുംബത്തേയും കാണാൻ അയാൾ എത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഇറാഖിലെ വീരനായകനാണ് സുഡാനി.
Post Your Comments