ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ശക്തമായ സാന്നിധ്യമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും അദ്ദേഹത്തിന്റെ മരണം പശ്ചിമ ബംഗാളിനും രാജ്യത്തിനും കനത്ത നഷ്ടമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ രേഖപ്പെടുത്തി. സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
2004-2009 കാലഘട്ടത്തില്‍ യുപിഎ സര്‍ക്കാരിന്റെ സമയത്ത് ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി ഇന്ന് രാവിലെയാണ് അന്തരിച്ചത്. 2014ല്‍ മസ്തിഷാകാഘാതം സംഭവിച്ച അദ്ദേഹത്തിന് ജൂണില്‍ സ്‌ട്രോക്ക് വന്നിരുന്നു. എന്നാല്‍ കഠിനമായ ശ്വാസതടസത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.
ALSO READ:സോമനാഥ് ചാറ്റർജി അന്തരിച്ചു
അഭിഭാഷകനായിരുന്ന ചാറ്റര്‍ജി 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച് ലോക്സഭയിലെത്തി. കൂടാതെ 1971 മുതല്‍ 2009 വരെയുള്ള നീണ്ട കാലയളവില്‍ 10 തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തി. 1984ല്‍ മമതാ ബാനര്‍ജിയോട് പരാജയപ്പെട്ടു. 1996ല്‍ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള പുരസ്‌കാരം സോമനാഥ് ചാറ്റര്‍ജിക്ക് ലഭിച്ചു.
2004ലെ ലോക്സഭാ പൊതുതെരഞ്ഞെടുപ്പില്‍ ചാറ്റര്‍ജി പ്രോടൈം സ്പീക്കറായി. പിന്നീട് 14ാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വാസുദേവ് മാവാലങ്കാറിന് ശേഷം ഐക്യകണ്ഠേന സ്പീക്കറായി തെരഞ്ഞെടുക്കപ്പടുന്ന ആളാണ് സോമനാഥ് ചാറ്റര്‍ജി.
Post Your Comments