കൊല്ലം ∙ അപ്രതീക്ഷിതമായി മരണം കീഴടക്കിയെങ്കിലും ലീന തോറ്റില്ല. കരളും വൃക്കകളും പകുത്തു നൽകി മൂന്നുപേരിലൂടെ ജീവിക്കും. ബവ്റിജസ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആശ്രാമം കുളങ്ങര വീട്ടിൽ ആശ്രാമം സജീവിന്റെ ഭാര്യ ലീനയാണ് (42) അവയവദാനത്തിലൂടെ മൂന്നുപേരുടെ ജീവന്റെ തുടിപ്പായി മാറിയത്. ഈ മാസം മൂന്നിന് കടുത്ത തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ലീനയെത്തി.
അവിടെ നിന്ന് പിറ്റേദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലവേദന കുറയാത്തതിനെത്തുടര്‍ന്ന് അഞ്ചിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഓഗസ്റ്റ് 12-ന് രാവിലെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.തുടര്‍ന്ന് ലീനയുടെ സഹോദരനും ഭര്‍ത്താവും അവയവദാന സമ്മതപത്രം ഒപ്പിട്ടു.
സെക്രട്ടേറിയറ്റിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വകുപ്പില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റായ ലീനയുടെ സഹോദരന്‍ സതീഷ് കുമാറാണ് അവയദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇതിനായി ബന്ധുക്കളുടെ അനുവാദം വാങ്ങിയത്. സംസ്ഥാനത്ത് ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തേതും സര്‍ക്കാര്‍ മേഖലയില്‍ ആദ്യത്തേതുമായ അവയവദാനമാണിത്.
Post Your Comments