ആലപ്പുഴ•കുട്ടനാട്ടിലെ പ്രളയബാധിതരായ ജനങ്ങള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം വിതരണം ചെയ്യാന്‍ ബംഗളൂരു ആസ്ഥാനമായുള്ള അക്ഷയപാത്ര ഫൗണ്ടേഷന്‍ ആലപ്പുഴയില്‍ എത്തി. നിലവില്‍ 13 സംസ്ഥാനങ്ങളിലായി 37 പ്രദേശങ്ങളിലെ 17 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന സംഘടനയാണ് അക്ഷയപാത്ര. കുട്ടനാടിന് ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാനുള്ള സന്നദ്ധത ഇവര്‍ ജില്ല കളക്ടറെ നേരില്‍ കണ്ട് അറിയിച്ചു. ആലപ്പുഴയില്‍ സ്ഥിരം കേന്ദ്രം തുടങ്ങുമ്പോള്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ളവയ്ക്ക് സര്‍ക്കാര്‍ സഹായം വേണമെന്നും സംഘം അറിയിച്ചു. കളക്ടറുടെയും ജില്ല ഭരണകൂടത്തിന്റേയും അഭ്യര്‍ഥനയെതുടര്‍ന്നാണ് സംഘം ആലപ്പുഴയിലെത്തിയത്.
Read Also: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിച്ചു
ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്ന അടുക്കള സംവിധാനമുള്ള നാല് വണ്ടികളാണ് ആലപ്പുഴയിലെത്തിയിരിക്കുന്നത്. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എടത്വായിലെ ജനങ്ങള്‍ക്കാണ് ഇവര്‍ ആദ്യം ഭക്ഷണം വിതരണം ചെയ്യുക. സമ്മതമെങ്കില്‍ പ്രളയക്കെടുതി തീരുന്നവരെ ഭക്ഷണം വിതരണം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ദിവസവും രണ്ടുനേരമായി 10,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് അക്ഷയപാത്രയുടെ തീരുമാനമെന്ന് അക്ഷയപാത്ര കമ്മ്യൂണിക്കേഷന്‍ വിങ് തലവന്‍ വനമാലി ദാസ പറഞ്ഞു.
കുട്ടനാടുകാര്‍ക്ക് രുചിയുള്ളതും മേന്മനയുള്ളതുമായ ഭക്ഷണം വിതരണം ചെയ്യണമെന്ന് കളക്ടര്‍ അക്ഷയപാത്ര ഫൗണ്ടേഷനെ അറിയിച്ചു. കര്‍ണാടകയുടെ രുചിയിലുള്ള ഭക്ഷണത്തിന് പകരം കേരള രീതിയിലുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments