ആലുവ•ഫേസ്ബുക്ക് പോരാളിയായി അറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ആക്കിലപ്പറമ്പന്‍ എന്ന നസീഫ് അഷറഫും (25) കൂട്ടാളിയും മയക്കുമരുന്ന് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായി. തൃശ്ശൂര്‍ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത് പടിഞ്ഞാറേ ഒട്ടിയില്‍ വീട്ടില്‍ നസീഹ് അഷറഫ് (25), നിലമ്പൂര്‍ പൂക്കാട്ടുപാടം പാട്ടക്കരിമ്പ് പേരാഞ്ചേരി പറമ്പില്‍ വീട്ടില്‍ പി.പി. നവാസ് (24) എന്നിവരെയാണ് ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ആലുവ പറവൂര്‍ കവലയില്‍ നിന്ന് പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് എക്സൈസ് പിടിച്ചെടുത്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നിര്‍ദേശാനുസരണം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്.
ബംഗളൂരുവില്‍ നിന്നും വാങ്ങിയ മയക്കുമരുന്ന് ഇടനിലക്കാരന് കൈമാറാന്‍ കൊണ്ട് പോകുമ്പോഴാണ് എക്സൈസ് വലയില്‍ കുടുങ്ങിയത്. കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിയ്ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്നാണ് സൂചന.
പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍, അബ്ദുള്‍ കരീം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സജീവ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. അരുണ്‍കുമാര്‍, ടി.എന്‍. ശ്രീരാജ് പ്രസന്നന്‍ എന്നിവവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി.
നടന്‍ മോഹന്‍ലാലിനെ അടക്കം ആക്ഷേപിച്ച് വിവാദം സൃഷ്ടിച്ചിട്ടുള്ളയളാണ് നസീഹ് അഷറഫ്.
Post Your Comments